ലക്നൗ: ഐപിഎല്‍ ഈ സീസണില്‍ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ അരങ്ങേറ്റത്തിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനായി കളത്തിലിറങ്ങിയ അര്‍ജുന്റെ പ്രകടനത്തെയും, അവസരത്തിനായി കാത്തിരുന്ന മാസങ്ങളിലെ മകന്റെ ക്ഷമയെയും സച്ചിന്‍ എക്സിലൂടെ അഭിനന്ദിച്ചു. ഈ കുറിപ്പാണ് ഇപ്പോള്‍ ട്രെന്‍ഡിങ്.
സീസണിലെ അവസാന മത്സരത്തിലാണ് ലഖ്നൗ മാനേജ്മെന്റ് അര്‍ജുനെ ആദ്യമായി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ടീം പരാജയപ്പെട്ടെങ്കിലും, ബൗളിംഗില്‍ മോശമല്ലാത്ത പ്രകടനമാണ് അര്‍ജുന്‍ കാഴ്ചവെച്ചത്.
എറിഞ്ഞ നാല് ഓവറില്‍ 36 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പ്രഭ്സിമ്രാന്‍ സിങ്ങിന്റെ നിര്‍ണ്ണായക വിക്കറ്റും താരം സ്വന്തമാക്കി. ടീമിലെ മറ്റ് ബൗളര്‍മാരെ അപേക്ഷിച്ച് മികച്ച ഇക്കോണമി റേറ്റും അര്‍ജുനായിരുന്നു.
മകന്റെ കരിയറിലെ ഈ സുപ്രധാന നിമിഷത്തില്‍ സച്ചിന്‍ പങ്കുവെച്ച വാക്കുകള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ക്രിക്കറ്റ് കഴിവിനെ മാത്രം ആശ്രയിക്കുന്ന ഒന്നല്ലെന്നും, ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ടെന്നും സച്ചിന്‍ ഓര്‍മ്മിപ്പിച്ചു.






