കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാർത്തകളിൽ സ്ഥിരം കാണുന്ന ഒന്നാണ് കാറിൽ നിന്നും ബസിൽ നിന്നുമെല്ലാം ലഹരിമരുന്നുമായി യുവാക്കൾ പിടിയിലാകുന്നു എന്നത്. മിക്കവരും സ്കൂൾ-കോളേജ് വിദ്യാർത്ഥികളാണെന്നതാണ് ഇതിൽ ഭയപ്പെടുത്തുന്ന കാര്യം. ഇപ്പോഴിതാ കേരളത്തെ ഗ്രസിച്ചിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ സംസ്ഥാനത്തു നിന്ന് പൂർണ്ണമായും തുടച്ചുനീക്കുകയെന്ന ദൃഢനിശ്ചയത്തോടെ ശക്തമായ ചുവടുവെപ്പുകളുമായി മുന്നോട്ട് പോവുകയാണ് പുതുതായി അധികാരമേറ്റ സംസ്ഥാന ആഭ്യന്തര വകുപ്പ്. നവകേരള നിർമ്മിതിയിൽ യുവതലമുറയുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, പുതുതായി ചുമതലയേറ്റ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ‘ഓപ്പറേഷൻ തൂഫാൻ- ദ നാർക്കോ ഹണ്ട്’ എന്ന ബൃഹത്തായ ലഹരിവിരുദ്ധ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് നടന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർണ്ണായക യോഗത്തിന് ശേഷമാണ് മന്ത്രി ഈ വൻ പ്രഖ്യാപനം നടത്തിയത്. ലഹരിയുടെ ഉപയോഗം തടയുന്നതിനപ്പുറം, അതിന്റെ ഉറവിടങ്ങളും വിതരണ ശൃംഖലകളും പൂർണ്ണമായി തകർക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതൊരു നീണ്ട യാത്രയാകും. ഒന്നോ രണ്ടോ ദിവസം കൊണ്ട് റിസൾട്ട് കിട്ടുന്നൊരു പദ്ധതിയല്ല ഇത്, പകരം മാസങ്ങളോ വർഷങ്ങളോ തുടർച്ചയായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചാൽ മാത്രം സാധ്യമാകുന്ന ഒന്ന്, കാരണം അത്രമേൽ ആഴത്തിലാണ് ലഹരിയുടെ വേരുകൾ നമ്മുടെ സമൂഹത്തിലും യുവാക്കൾക്കിടയിലും ആഴ്ന്നിറങ്ങിയിരിക്കുന്നത്.
ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുന്ന ദിനം മുതൽ ‘ഓപ്പറേഷൻ തൂഫാൻ’ സംസ്ഥാനത്തുടനീളം സജീവമാകും. സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരിമാഫിയ നടത്തുന്ന കെണികൾ ഇല്ലാതാക്കാൻ സ്കൂൾ അധികൃതരും എക്സൈസ് വകുപ്പും പോലീസും സംയുക്തമായി കർമ്മപദ്ധതികൾ ആവിഷ്കരിക്കും. ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും പൂർണ്ണമായ പങ്കാളിത്തം ആഭ്യന്തര മന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. ലഹരി കടത്തോ വില്പനയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പോലീസിനെ അറിയിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഡിജെ പാർട്ടികൾ ഉൾപ്പെടെയുള്ള എല്ലാ മേഖലകളും കർശനമായ പോലീസ് നിരീക്ഷണത്തിലായിരിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിയുടെ വരവ് തടയാൻ ഡിജിപി റവാഡ ചന്ദ്രശേഖർ അയൽസംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി നേരിട്ട് ബന്ധപ്പെട്ട് സംയുക്ത പരിശോധനകൾക്ക് നേതൃത്വം നൽകും.
ഭരണമാറ്റത്തിന്റെ അലയൊലികൾ എല്ലാ വകുപ്പുകളിലും കാണാനാകും. അക്കൂട്ടത്തിൽ ഏറ്റവും തന്ത്രപ്രധാനമായ വകുപ്പാണ് ആഭ്യന്തരം. കാത്ത് കാത്തിരുന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ രമേശ് ചെന്നിത്തലയ്ക്ക് ഇതൊരു അഭിമാന പ്രശ്നം കൂടിയാണ്. അതിനാൽ തന്നെ ഇറങ്ങുന്നതിന് മുമ്പ് തനിക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്യാനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാം.
ആഭ്യന്തര മന്ത്രി എന്ന നിലയിൽ പോലീസിന്റെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റങ്ങളാണ് രമേശ് ചെന്നിത്തല വിഭാവനം ചെയ്യുന്നത്. മുൻപ് മന്ത്രിയായിരുന്ന കാലത്ത് നിയമവിരുദ്ധ പലിശക്കാർക്കെതിരെ അദ്ദേഹം നടപ്പിലാക്കിയ ‘ഓപ്പറേഷൻ കുബേര’ ഒരു വിപ്ലവം തന്നെയായിരുന്നു എന്ന് പറയാം. അത്തരത്തിലൊരു നീക്കം തന്നെയാണ് ഇത്തവണയും ചെന്നിത്തലയിൽ നിന്നും കേരള ജനത പ്രതീക്ഷിക്കുന്നത്. നിലവിൽ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ഡി ഹണ്ട്’ നടക്കുന്നുണ്ടെങ്കിലും, കൂടുതൽ ജനകീയവും സുതാര്യവുമായ ശൈലിയിലൂടെ ലഹരിമാഫിയയെ പൂർണ്ണമായി ഇല്ലാതാക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 484 പോലീസ് സ്റ്റേഷനുകളെയും ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും, സ്റ്റേഷനുകളിൽ എത്തുന്ന പൊതുജനങ്ങളെ ‘ഗുഡ് മോണിങ്’ അല്ലെങ്കിൽ ‘നമസ്തേ’ പറഞ്ഞ് സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനൊപ്പം ജനാധിപത്യപരമായ പോലീസിങ് രീതി നടപ്പിലാക്കാനും അദ്ദേഹം മുൻകൈ എടുക്കുന്നു.
കേരളത്തിന്റെ ഭാവി തലമുറയെ ലഹരിയുടെ ഇരുളിൽ നിന്നും രക്ഷിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഈ നീക്കം തികച്ചും സ്വാഗതാർഹമാണ്. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ കേവലം പോലീസ് നടപടികൾ മാത്രം പോരാ, മറിച്ച് പൊതുസമൂഹത്തിന്റെ ജാഗ്രതയും കൂട്ടായ പ്രവർത്തനവും അനിവാര്യമാണ്. ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി മാഫിയയ്ക്കെതിരെയുള്ള ശക്തമായൊരു കൊടുങ്കാറ്റായി മാറി സംസ്ഥാനത്ത് സുരക്ഷിതമായൊരു നാളെ സമ്മാനിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.






