ബെംഗളൂരു: നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ രാജ്യത്ത് വീണ്ടും വിദ്യാർഥി ആത്മഹത്യ. കർണാടകയിലെ കലബുറഗിയിൽ നീറ്റ് പരീക്ഷ എഴുതിയ 18കാരിയായ ഭാഗ്യശ്രീയാണ് ജീവനൊടുക്കിയത്. അപ്പാർട്ട്മെന്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർഥിനിയെ കണ്ടെത്തിയത്.
പ്രീ-യൂണിവേഴ്സിറ്റി പരീക്ഷയിൽ 92 ശതമാനം മാർക്ക് നേടിയ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു ഭാഗ്യശ്രീ. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് രാജസ്ഥാനിലെ സിക്കാർലും മറ്റൊരു വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു. പ്രദീപ് മേഘ്‌വാൾ എന്ന വിദ്യാർഥിയാണ് മരിച്ചത്. ഇത്തവണത്തെ പരീക്ഷയിൽ മികച്ച മാർക്ക് പ്രതീക്ഷിച്ചിരുന്ന പ്രദീപ് പരീക്ഷ റദ്ദാക്കിയ വാർത്തയ്ക്ക് പിന്നാലെ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും സംബന്ധിച്ച പരാതികളെ തുടർന്ന് 22 ലക്ഷത്തിലധികം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷ ദേശീയ ടെസ്റ്റിങ് ഏജൻസി റദ്ദാക്കിയിരുന്നു. പരീക്ഷ ജൂൺ 21ന് വീണ്ടും നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചു. അടുത്ത വർഷം മുതൽ മെഡിക്കൽ പ്രവേശന പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.






