തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരായ കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ എഡിജിപി എം ആർ അജിത് കുമാർ വിശദീകരണവുമായി രംഗത്തെത്തി.
കേസുമായി ബന്ധപ്പെട്ട രേഖകൾ താൻ തിരുത്തിയിട്ടില്ലെന്നും ഓഫീസ് ജീവനക്കാർ നടത്തിയ ഇടപെടൽ തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് എഡിജിപിയുടെ നിലപാട്. ഉന്നത ഉദ്യോഗസ്ഥർക്കാണ് അദ്ദേഹം അനൗദ്യോഗികമായി ഈ വിശദീകരണം നൽകിയതെന്നാണ് വിവരം.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയിൽ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ആലപ്പുഴ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് തിരുത്താൻ എഡിജിപി സമ്മർദം ചെലുത്തിയതായാണ് മൊഴി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടും തിരുത്തിയതായും അന്വേഷണത്തിൽ പറയുന്നു.
രേഖ തിരുത്തലും കേസ് അട്ടിമറിയുമെന്ന ആരോപണങ്ങൾ ശക്തമായതോടെ വിഷയത്തിൽ ഉന്നതതല അന്വേഷണം ആവശ്യമെന്ന ആവശ്യവും ഉയരുന്നുണ്ട്. പോലീസ് വകുപ്പിനുള്ളിലെ ആഭ്യന്തര സംഘർഷം കൂടിയതായാണ് വിലയിരുത്തൽ.






