തൃശൂര്‍: വ്യാജപ്രചരണത്തെയും വ്യക്തി അധിക്ഷേപത്തെയുംതിരെ എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ തൃശൂർ റൂറൽ എസ്പിക്ക് പരാതി നൽകി. ‘പാർട്ടി വിടാനൊരുങ്ങി ടി.എൻ. പ്രതാപൻ’ എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നതായി പരാതിയിൽ പറയുന്നു.
ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിക്കുന്ന ‘റെഡ് ആർമി’ എന്ന ഫെയ്‌സ്ബുക്ക് പേജിൽ ‘അഭിലാഷ് അപ്പു അഭിലാഷ്’ എന്ന പേരിലുള്ള പ്രൊഫൈലിലൂടെയാണ് ആദ്യം പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്ന് ടി.എൻ. പ്രതാപൻ പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ഈ പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയമായി ആക്രമിക്കാനും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താനും പാർട്ടി പ്രവർത്തകർക്കിടയിൽ അവമതിപ്പും ഭിന്നതയും സൃഷ്ടിക്കാനുമുള്ള ലക്ഷ്യത്തോടെയാണ് വ്യാജവാർത്ത പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. പോസ്റ്ററിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
വ്യാജപ്രചാരണത്തിന് പിന്നിലുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സമഗ്ര അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.






