ന്യൂഡൽഹി: ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. ആസ്തിവിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനും കോടതിയിൽ ഹാജരാകാതിരുന്നതുമാണ് നടപടിക്ക് കാരണം.
ഉടൻ സിംഗപ്പൂർ കോടതിയിൽ കീഴടങ്ങണമെന്ന നിർദേശത്തോടൊപ്പം 90,000 സിംഗപ്പൂർ ഡോളർ, ഏകദേശം 67.46 ലക്ഷം രൂപ, നിയമച്ചെലവായി അടയ്ക്കാനും കോടതി ഉത്തരവിട്ടു. 2024 ഏപ്രിൽ മുതൽ തന്റെ ആസ്തിവിവരങ്ങൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നുവെങ്കിലും പലതവണ നൽകിയ നിർദേശങ്ങൾ പാലിക്കാതിരുന്നതാണ് ശിക്ഷയ്ക്ക് വഴിവെച്ചത്.
സിംഗപ്പൂരിലെ ബീയാർ ഇൻവെസ്റ്റ്കോ എന്ന സ്ഥാപനത്തിലെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഉപസ്ഥാപനം നൽകിയ പരാതിയിലാണ് നടപടി. നിക്ഷേപകരുമായി ബൈജൂസ് നടത്തുന്ന നിയമപോരാട്ടങ്ങളിൽ ഏറ്റവും പുതിയ തിരിച്ചടിയായാണ് കോടതി വിധി വിലയിരുത്തപ്പെടുന്നത്.
അതേസമയം, ബൈജു രവീന്ദ്രൻ നിലവിൽ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. സിംഗപ്പൂർ അധികൃതർക്ക് മുന്നിൽ കീഴടങ്ങണമെന്നാണ് കോടതി നിർദേശം.
അമേരിക്കയിലും ബൈജൂസിനെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. 1.2 ബില്യൺ ഡോളറിന്റെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിൽ അമേരിക്കൻ കോടതിയും നേരത്തെ ബൈജു രവീന്ദ്രനെതിരെ രൂക്ഷ പരാമർശങ്ങൾ നടത്തിയിരുന്നു. ഇന്ത്യയിലെ സ്റ്റാർട്ട്അപ്പ് ലോകത്ത് വൻ മുന്നേറ്റം നടത്തി ആഗോള ശ്രദ്ധ നേടിയ ബൈജൂസ് പിന്നീട് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും നിയമക്കുരുക്കുകളിലേക്കും വീണിരിക്കുകയാണ്.






