ആലപ്പുഴ: ഗവ. ആശുപത്രിയിൽ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ 19കാരി ആശുപത്രി ശൗചാലയത്തിൽ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനൽ വഴിയിലൂടെ പുറത്തേക്കെറിഞ്ഞ സംഭവത്തിൽ വധശ്രമക്കേസ്. അവിവാഹിതയായ യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതി തന്നെയാണ് മറുപിള്ള വേർപെടുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അരുൺ ജേക്കബ് അറിയിച്ചു.
ശൗചാലയ ഭാഗത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന് പുറകുവശത്ത് രക്തത്തിൽ കുളിച്ച നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയത്. ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് യുവതി കടുത്ത വയറുവേദനയും പുറംവേദനയും അനുഭവപ്പെടുന്നതായി പറഞ്ഞ് അച്ഛനും മാതൃസഹോദരിക്കുമൊപ്പമെത്തിയത്. പരിശോധിച്ച വനിതാ ഡോക്ടർ ഗർഭിണിയാണോയെന്ന് ചോദിച്ചെങ്കിലും യുവതി അത് നിഷേധിച്ചു. നേരത്തെ സ്കാൻ നടത്തിയിരുന്നുവെന്നും വയറ്റിൽ മുഴയും കൊഴുപ്പുമാണെന്നുമാണ് യുവതി പറഞ്ഞത്. ആർത്തവസംബന്ധമായ ബുദ്ധിമുട്ടുകളാണെന്നും അറിയിച്ചതിനെ തുടർന്ന് നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
രാത്രി ഒരു മണിയോടെ അത്യാഹിത വിഭാഗത്തിലെ ശൗചാലയത്തിൽ നിന്ന് കരച്ചിൽ കേട്ടതായി തോന്നിയ ജീവനക്കാർ പരിശോധന നടത്തിയപ്പോൾ നിലത്ത് രക്തം പടർന്ന നിലയിലായിരുന്നു. പിന്നീട് ശൗചാലയത്തിന് പുറത്തുനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. നഴ്‌സിങ് അസിസ്റ്റന്റിന്റെ ശ്രദ്ധയിൽപ്പെട്ട കുഞ്ഞിന് ഉടൻ പ്രഥമശുശ്രൂഷ നൽകി പോലീസിനെ വിവരം അറിയിച്ചു.
ശൗചാലയത്തിന്റെ മുകളിലെ ജനലിലെ വിടവിലൂടെ കുഞ്ഞിനെ പുറത്തേക്കെറിഞ്ഞതാണെന്ന് കണ്ടെത്തി. താഴെ കല്ലുകളും കൂർത്ത കമ്പികളും ഉണ്ടായിരുന്നെങ്കിലും കുറ്റിച്ചെടികൾക്കിടയിലേക്കാണ് കുഞ്ഞ് വീണത്. ആശുപത്രി പരിസരത്ത് തെരുവുനായ്ക്കളും ഉണ്ടായിരുന്നതിനാൽ കുഞ്ഞിനെ വേഗത്തിൽ കണ്ടെത്താനായത് ജീവൻ രക്ഷിക്കാൻ സഹായകമായി.
പ്ലസ് ടുവിന് ശേഷം റേഡിയോഗ്രഫി പഠിച്ച യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയാണെന്നാണ് വിവരം. ഗർഭിണിയാണെന്ന കാര്യം ബന്ധുക്കൾക്കും അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു.






