കൊച്ചി: കിടപ്പുരോഗിയായ വയോധികയുടെ ആഭരണം മോഷ്ടിച്ച കേസിൽ ഹോം നഴ്‌സും കൂട്ടുകാരിയും പൊലീസ് പിടിയിൽ. വീടിന് പിന്നിൽ കുഴിച്ചിട്ട നിലയിൽ മോഷ്ടിച്ച ആഭരണങ്ങളും പൊലീസ് കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ സുധാ ശങ്കർ (38), ലക്ഷ്മി (46) എന്നിവരെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ മാറാടി മഞ്ചരിപ്പടിയിലെ പൂമറ്റത്തിൽ മറിയാമ്മ (84)യുടെ ശരീരത്തിൽ ഉണ്ടായിരുന്ന 10 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. മേയ് 24-ന് രാവിലെ 8.30-ഓടെയായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന മറിയാമ്മയെ പരിചരിക്കാനായി വീട്ടിൽ ജോലി ചെയ്തിരുന്നത് സുധയായിരുന്നു. സുഹൃത്തായ ലക്ഷ്മിയുമായി ചേർന്നാണ് മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പൊലീസ് കണ്ടെത്തി.
സംഭവത്തിന് ശേഷം അന്വേഷണം തെറ്റിദ്ധരിപ്പിക്കാൻ സുധ പല സാങ്കൽപ്പിക കഥകളും പറഞ്ഞിരുന്നു. എന്നാൽ പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ സംശയം ശക്തമായി. തുടർന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തുവന്നത്. മോഷ്ടിച്ച ആഭരണങ്ങൾ വീടിന് പിന്നിൽ കുഴിച്ചിട്ട നിലയിലാണ് പൊലീസ് കണ്ടെത്തിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






