ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോറിക്ഷാ ഡ്രൈവറെ ഒരു ട്രാഫിക് പൊലീസുകാരൻ മർദിക്കുന്നതായി കാണുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. മെയ് 26-ന് സുധമ നഗർ പ്രദേശത്തിന് സമീപമാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വീഡിയോയിൽ, പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ഓട്ടോ ചെറിയ രീതിയിൽ ഇടിച്ചതിനെ തുടർന്ന് പൊലീസുകാരൻ രോഷാകുലനാകുന്നതാണ് കാണുന്നത്. ഉടൻ തന്നെ ഓട്ടോ ഡ്രൈവറെ നിർത്തിച്ച് ഇറങ്ങാൻ ആവശ്യപ്പെടുകയും, ഡ്രൈവർ കൈകൂപ്പി ക്ഷമാപണം നടത്തിയിട്ടും പൊലീസുകാരൻ അദ്ദേഹത്തെ മർദിക്കുന്നതായും ദൃശ്യങ്ങളുണ്ട്.
സംഭവം കണ്ടുനിന്ന ഒരാൾ മൊബൈലിൽ പകർത്തിയ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വലിയ ചർച്ചയായി. പൊലീസ് ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തി.
വീഡിയോ പകർത്തിയ യുവാവ്, പൊലീസുകാരൻ തന്നെ റെക്കോർഡിംഗ് ചോദ്യം ചെയ്തുവെന്നും, പരസ്യമായി ഒരാളെ മർദിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കേണ്ടി വന്നുവെന്നും കുറിച്ചു. അധികാര ദുരുപയോഗവും പൊലീസിന്റെ ഗുണ്ടാ പെരുമാറ്റവും എന്നിങ്ങനെ വിമർശനങ്ങൾ ഉയരുകയാണ്.






