കൊച്ചി: പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ കാട്ടൂർ കോയിൽപറമ്പിൽ വീട്ടിൽ റോബിൻ ദാസ് (39) ആണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. ഇയാൾ ആലുവ കുഴിവേലിപ്പടിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
മേയ് 12-ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പാലാരിവട്ടം മെട്രോ സ്റ്റേഷനുസമീപത്തെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കടന്ന പ്രതി, ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി ബഹളം വെച്ചതോടെ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






