ആലപ്പുഴ: സർക്കാർ ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചശേഷം നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ, കുഞ്ഞിനെ വേണ്ടെന്ന് യുവതി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (സി.ഡബ്ല്യു.സി.) അറിയിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 19കാരിയെ അധികൃതർ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
താൻ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. വയറ്റിൽ കൊഴുപ്പ് കൂടിയതാണെന്നാണ് കരുതിയിരുന്നതെന്ന് യുവതി പറഞ്ഞു. എറണാകുളത്ത് പഠനത്തിനൊപ്പം ജോലി ചെയ്തുവരികയായിരുന്നു. അവിടെ പരിചയപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെങ്കിലും അടുത്തിടെ ബന്ധമില്ലാതായതായും യുവതി വ്യക്തമാക്കി.
ഗർഭിണിയായതും പ്രസവിച്ചതും അയാൾ അറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് യുവതിയുടെ വിശദീകരണം. അമ്മ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലാണെന്നും അച്ഛനും അനുജത്തിയും വീട്ടിലുണ്ടെന്നും യുവതി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി വീട്ടിലായിരുന്നു താമസം.
വയറ്റുവേദനയെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങിയിരുന്നുവെന്നും അതാണ് കഴിച്ചുകൊണ്ടിരുന്നതെന്നുമാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്.
വീഴ്ചയിൽ കുഞ്ഞിന് പരിക്കുകളൊന്നുമില്ലെന്നും 2.9 കിലോ ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്നും ഡോക്ടർമാർ അറിയിച്ചു. തിങ്കളാഴ്ച രാത്രി വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതി പുലർച്ചെ ഒരു മണിയോടെയാണ് പ്രസവിച്ചത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട ആശുപത്രി ജീവനക്കാരാണ് ശൗചാലയത്തിന് പിന്നിൽ നിന്ന് നവജാത ശിശുവിനെ കണ്ടെത്തിയത്.
സംഭവം പോലീസിനെ അറിയിച്ചതിന് പിന്നാലെ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി യുവതിക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് നിരീക്ഷണത്തിലാണ് യുവതി ചികിത്സയിൽ കഴിയുന്നത്.
അമ്മയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം കുഞ്ഞിനെ ആലപ്പുഴ ശിശുവിഹാറിലേക്ക് മാറ്റും. അവിടെ 60 ദിവസം പരിചരിക്കും. ഈ കാലയളവിനിടെ അമ്മയ്ക്ക് കുഞ്ഞിനെ ഏറ്റെടുക്കാനാകും. സമയപരിധി കഴിഞ്ഞാൽ ശിശുക്ഷേമ സമിതി കുഞ്ഞിനെ ഔദ്യോഗികമായി ഏറ്റെടുക്കും. പിന്നീട് അമ്മയ്ക്ക് അവകാശവാദം ഉന്നയിക്കാൻ സാധിക്കില്ല.
അതേസമയം, കുഞ്ഞിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും സി.ഡബ്ല്യു.സി. തീരുമാനിച്ചു. ചൈൽഡ് ലൈൻ മുഖേന പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആശുപത്രി ജീവനക്കാർ കുഞ്ഞിനെ കൈയിൽ എടുത്തുനിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നതായി അധികൃതർ അറിയിച്ചു.






