തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസില്‍ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം ആസൂത്രിതമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ട്. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസ് നടപടി ഉണ്ടായില്ല. കേസെടുത്തതിലും ഗുരുതര വീഴ്ചയുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ഏഴ് പേരാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍ അഞ്ചുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. രണ്ടാമത്തെ എഫ്ഐആറില്‍ പ്രതികളായി ആരുടേയും പേരില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. അന്യായമായി സംഘം ചേരല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ്പൊലീസ് കേസെടുത്തത്. സംഭവസ്ഥലത്ത് വി ശിവന്‍കുട്ടി, വി ജോയി എംഎല്‍എ, എംവി ഗോവിന്ദന് തുടങ്ങിയ നേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാക്കള്‍ മാത്രമാണ് പ്രതികളായിട്ടുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.






