പത്തനംതിട്ട: എം.സി. റോഡിലെ തിരുവല്ല തുകലശ്ശേരിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
വ്യാഴാഴ്ച പുലർച്ചെ അഞ്ചേകാലോടെയായിരുന്നു അപകടം. തുകലശ്ശേരി ചീക്കുളത്തിൽപ്പടി ഭാഗത്ത് ചെങ്ങന്നൂർ ഭാഗത്തുനിന്ന് വന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.
ബസ് ഡ്രൈവർ അശോക് (42), ഏഴ് വയസ്സുകാരൻ ജോൺ, പതിമൂന്നുകാരൻ നിഖിൽ ആൻറണി, ആൽബർട്ട് ജൂഡ് (49), സ്റ്റെഫി (23) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അഞ്ച് പേരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും രണ്ടുപേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തിരുനെൽവേലി ജില്ലയിലെ കൂട്ടപ്പുളി സ്വദേശികളായ തീർഥാടക സംഘം എടത്വ പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.






