കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈക്ക് പരിക്കേറ്റതായും തുടർചികിത്സയിൽ വീഴ്ചയുണ്ടായതായും കുടുംബം ആരോപിച്ചു. മേപ്പയ്യൂർ സ്വദേശി രാഹുൽ–രാഖി ദമ്പതികളുടെ കുഞ്ഞിനാണ് പ്രസവത്തിനിടെ ഇടതുകൈയുടെ തോളിന് പരിക്കേറ്റത്.
ഈ മാസം ആറിനായിരുന്നു രാഖിയുടെ പ്രസവം. പ്രസവത്തിന് പിന്നാലെ കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റതിനെ തുടർന്ന് എൻഐസിയു വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കുഞ്ഞിന്റെ കൈയിൽ പ്ലാസ്റ്റർ ഇട്ടെങ്കിലും തുടർ പരിശോധനകൾ കൃത്യമായി നടന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
ഓർത്തോ വിഭാഗത്തിലെ ഡോക്ടർ കുഞ്ഞിനെ പരിശോധിച്ച് ബാൻഡേജ് ചുറ്റിയെന്നും രണ്ട് ദിവസത്തിന് ശേഷം വീണ്ടും പരിശോധിക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. എന്നാൽ പിന്നീട് ഡോക്ടർ പരിശോധനയ്ക്കായി എത്തിയില്ലെന്നാണ് ആരോപണം.
കുഞ്ഞിന്റെ ചികിത്സയിൽ ഉണ്ടായ വീഴ്ച സംബന്ധിച്ച് കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്. എന്നാൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം.
സംഭവത്തിൽ കുഞ്ഞിന്റെ തുടർചികിത്സയും ആശുപത്രിയിലെ ചികിത്സാ നടപടികളും സംബന്ധിച്ച് കുടുംബം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.




