ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്റെ റൂട്ടിന് ഇന്ത്യൻ റെയിൽവേ അംഗീകാരം നൽകി. ഹരിയാനയിലെ ജിന്ദ്–സോനിപത്ത് സെക്ഷനിലാണ് നോർത്തേൺ റെയിൽവേയുടെ കീഴിൽ ആദ്യ ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ സർവീസ് നടത്തുക. ഹരിതവും സുസ്ഥിരവുമായ ഗതാഗതത്തിലേക്കുള്ള നിർണായക ചുവടുവെപ്പായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
ജർമനി, ജപ്പാൻ, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ഇതിനകം ഹൈഡ്രജൻ ട്രെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഈ പട്ടികയിലേക്കാണ് ഇന്ത്യയും ഇപ്പോൾ പ്രവേശിക്കുന്നത്. ആദ്യ ഘട്ടമായി ജിന്ദ്–സോനിപത്ത് റൂട്ടിലാണ് സർവീസ് ആരംഭിക്കുന്നത്.
ജിന്ദിൽ ട്രെയിനിനായി തദ്ദേശീയമായി ഹൈഡ്രജൻ സംഭരണവും ഇന്ധന വിതരണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) ലൈസൻസ് നൽകിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഹൈഡ്രജൻ ലീക്ക് ഡിറ്റക്ടറുകൾ, ഫ്ലെയിം ഡിറ്റക്ടറുകൾ തുടങ്ങിയ സെൻസറുകളും സ്ഥാപിച്ചിട്ടുണ്ട്. തുടക്കത്തിൽ പ്രവർത്തന പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധർ ട്രെയിനിൽ ഉണ്ടാകും.
ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ ട്രെയിനിൽ രാസപ്രക്രിയയിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ഇതിന്റെ ഉപോൽപ്പന്നമായി പുറത്തുവരുന്നത് നീരാവി മാത്രമാണ്. 1200 കിലോവാട്ട് ശേഷിയുള്ള പ്രൊപ്പൽഷൻ സംവിധാനമുള്ള ട്രെയിനിൽ 10 കോച്ചുകളാണ് ഉള്ളത്. പരമാവധി വേഗത മണിക്കൂറിൽ 75 കിലോമീറ്ററാണ്.
ഇതിനോടൊപ്പം ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ബസ് ഇതിനകം ദില്ലിയിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. സെൻട്രൽ വിസ്ത മേഖലയിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തുന്ന ഷട്ടിൽ സർവീസിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രണ്ട് ഹൈഡ്രജൻ ബസുകൾ കൈമാറിയിരുന്നു. ജിപിഎസ്, സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് 35 യാത്രക്കാരെ വഹിക്കാവുന്ന ഈ ബസുകൾ പ്രവർത്തിക്കുന്നത്.






