ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി ഫൈനൽ മത്സരത്തിന്റെ ഇടവേളയിൽ വമ്പൻ സംഗീത പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങി ഫിഫ. ജൂലൈ 19ന് ന്യൂജെഴ്സി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിനിടെയായിരിക്കും സംഗീതലോകത്തെ പ്രമുഖരെ അണിനിരത്തിയ മെഗാ ഷോ അരങ്ങേറുക.
ഷക്കീര, മഡോണ, ബിടിഎസ് എന്നിവരാണ് വേദിയിലെ പ്രധാന ആകർഷണങ്ങൾ. ക്രിസ് മാർട്ടിനാണ് പരിപാടിയുടെ സംയോജകൻ. സൂപ്പർ ബൗൾ മാതൃകയിൽ ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ട് ഫിഫയാണ് കലാവിരുന്ന് ആസൂത്രണം ചെയ്യുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ഫിഫയുടെ ഗ്ലോബൽ സിറ്റിസൺ എജുക്കേഷൻ ഫണ്ടിലേക്ക് 100 മില്യൺ ഡോളർ സമാഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ലോകകപ്പിന്റെ ഔദ്യോഗിക ഗാനവും ഷക്കീരയാണ് ഒരുക്കുന്നത്. നൈജീരിയൻ ഗായകൻ ബർണാ ബോയ്ക്കൊപ്പമുള്ള “ദായി ദായി” എന്ന ഗാനത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
നാലുവർഷത്തെ ഇടവേളയ്ക്കുശേഷം പുതിയ ആൽബവുമായി തിരിച്ചെത്തിയ ബിടിഎസും, പുതിയ സംഗീതപ്രവർത്തനങ്ങളുമായി മഡോണയും ലോകകപ്പ് വേദിയെ ആവേശഭരിതമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.






