നയ്റോബി: കെനിയയിലെ ബോർഡിംഗ് സ്കൂളിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 16 വിദ്യാർഥിനികൾ മരിച്ചു. തലസ്ഥാനമായ നൈറോബിയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെയുള്ള ഗിൽഗിൽ പ്രദേശത്തെ ഉതുമിഷ ഗേൾസ് അക്കാദമിയിലാണ് ദുരന്തം സംഭവിച്ചത്.
വ്യാഴാഴ്ച പുലർച്ചെ വിദ്യാർഥിനികൾ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. നൈറ്റ് പട്രോളിനിടെ പുലർച്ചെ ഏകദേശം ഒരു മണിയോടെ കെട്ടിടത്തിൽ തീ പടർന്നതായാണ് പോലീസ് നൽകുന്ന വിവരം. ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്; ഈ ഭാഗം പൂർണമായും കത്തി നശിച്ചു.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. 71 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായി വിദ്യാഭ്യാസ മന്ത്രി ജൂലിയസ് ഒഗാംബ അറിയിച്ചു. ഏഴ് പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഏകദേശം 220 വിദ്യാർഥിനികളാണ് സ്കൂളിൽ ഉണ്ടായിരുന്നത്.
തീപിടിത്തത്തിനിടെ കെട്ടിടത്തിനുള്ളിൽ പുക നിറഞ്ഞതോടെ കുട്ടികൾ പരസ്പരം വിളിച്ചുണർത്തി രക്ഷപ്പെടാൻ ശ്രമിച്ചു. മുകളിലെ നിലയിൽ കുടുങ്ങിയ ചില വിദ്യാർഥിനികൾ രക്ഷപ്പെടാൻ ജനലിലൂടെ ചാടിയതിനെ തുടർന്ന് ഗുരുതര പരിക്കുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. പരിഭ്രാന്തിയിലായ കുട്ടികൾ സ്കൂൾ പരിസരത്ത് നിന്ന് പുറത്തേക്ക് ഓടിയതോടെ ചിലരെ കണ്ടെത്താൻ പോലീസ് തിരച്ചിൽ തുടരുകയാണ് എന്ന് റീജിയണൽ പോലീസ് കമാൻഡർ മസൂദ് മ്വിൻയി അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തെ തുടർന്ന് സ്കൂൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്, വിദ്യാർഥിനികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ആഭ്യന്തര മന്ത്രി കിപ്ചുംബ മുർകോമെൻ ദുരന്തത്തിൽ അനുശോചനം അറിയിച്ചു.
കെനിയയിലെ ബോർഡിംഗ് സ്കൂളുകളിൽ തീപിടിത്തങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, തിരക്ക് കൂടിയ താമസസൗകര്യങ്ങളും അടിയന്തര പുറപ്പെടൽ മാർഗങ്ങളിലെ വീഴ്ചകളും ഇത്തരം ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുന്നതായും വിലയിരുത്തപ്പെടുന്നു.






