ന്യൂഡൽഹി: സൗഹൃദ അഭ്യർഥന നിരസിച്ചതിന്റെ പ്രതികാരമായി അമ്മയുടെയും മകളുടെയും വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിർമിച്ച് പ്രചരിപ്പിച്ച പുരോഹിതൻ അറസ്റ്റിൽ. ഓൺലൈനിലൂടെ മതപരമായ വീഡിയോകൾ അവതരിപ്പിച്ചിരുന്ന സുമിത് നേംചന്ദ് ശർമ (27)യാണ് പിടിയിലായത്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇയാൾ വ്യാജ ദൃശ്യങ്ങൾ സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഗുജറാത്ത് സ്വദേശിനിയായ യുവതിയാണ് സൈബർ അധിക്ഷേപത്തിന് ഇരയായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതി അഹമ്മദാബാദ് സൈബർ ക്രൈം വിഭാഗത്തിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
മതപ്രഭാഷണങ്ങളിലൂടെ യുവതിയുമായി പരിചയപ്പെട്ട പ്രതി പിന്നീട് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചു. എന്നാൽ യുവതി ഇത് നിരസിച്ചു. തുടർന്ന് വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നിരന്തരം ശല്യം ചെയ്യാൻ തുടങ്ങിയതായും പരാതിയിൽ പറയുന്നു.
ഇതിന് പിന്നാലെ യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്നുള്ള ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത്, എഐ ഉപയോഗിച്ച് നൂറുകണക്കിന് വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ചതായി പൊലീസ് കണ്ടെത്തി. പിന്നീട് യുവതിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളും യൂട്യൂബ് ചാനലും ആരംഭിച്ച് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.
എക്സ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലായി എട്ടോളം വ്യാജ അക്കൗണ്ടുകൾ പ്രതി ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






