മലപ്പുറം: എടപ്പാളിലെ ലോട്ടറിക്കടയിൽ നിന്ന് സമ്മാനാർഹമായ ടിക്കറ്റുകൾ മോഷ്ടിച്ച് ഒളിവിൽ പോയ തമിഴ്നാട് സ്വദേശി പോലീസിന്റെ പിടിയിലായി. തമിഴ്നാട്ടിലെ മധുര സ്വദേശിയായ ഗണേഷിനെ കോയമ്പത്തൂരിലെ പീളമേടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
മാർച്ച് മാസത്തിൽ എടപ്പാളിലെ അമ്മ ലോട്ടറി ഏജൻസിയിൽ ജോലി ചെയ്തിരുന്ന ഗണേഷ്, ഉടമയെ കബളിപ്പിച്ച് ഏകദേശം ഒന്നര ലക്ഷം രൂപ വിലവരുന്ന സമ്മാനാർഹമായ ടിക്കറ്റുകളുമായി കടന്നുകളയുകയായിരുന്നു. ജോലിക്കായി എത്തിയപ്പോൾ ഇയാൾ നൽകിയ മധുരയിലെ ആധാർ വിലാസം വ്യാജമാണെന്നും ബന്ധുക്കളാരുമില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ആറുമാസമായി തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ ലോട്ടറി ഏജൻസികളിൽ ഇയാൾ ജോലി ചെയ്തുവരികയായിരുന്നു.
മോഷണത്തിന് ശേഷം ഗണേഷ് സമ്മാനാർഹമായ ടിക്കറ്റുകൾ തൃശ്ശൂരിനും കോട്ടയത്തിനുമിടയിലെ ഇരുപതോളം ഏജൻസികളിൽ നൽകി പണം കൈപ്പറ്റി. ഈ പണം ഉപയോഗിച്ച് സുഹൃത്തുക്കളോടൊപ്പം കോട്ടയം, മൂന്നാർ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഉല്ലാസയാത്രകളും നടത്തി. പോലീസ് അന്വേഷണം ശക്തമായതോടെ മൊബൈൽ നമ്പറുകൾ ഉപേക്ഷിച്ച് കോയമ്പത്തൂർ, കാഞ്ചിപുരം, ഗാന്ധിനഗർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ഒടുവിൽ കോയമ്പത്തൂരിലെ പീളമേടിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെയാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടിയത്. തിരൂർ ഡിവൈഎസ്‌പി എ.എം. സിദ്ധിക്കിന്റെ നിർദ്ദേശപ്രകാരം ചങ്ങരംകുളം പോലീസും തിരൂർ ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ചങ്ങരംകുളം എസ്.ഐ നസിയ എം. സാഹിബിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ രാജേഷ്, ജയപ്രകാശ്, സി.പി.ഒമാരായ ശ്രീഷ്, ഉണ്ണിക്കുട്ടൻ, ഹരികൃഷ്ണൻ, രാകേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.






