അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ കുടുംബ തർക്കത്തെ തുടർന്ന് നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ ഗ്രാമമുഖ്യന്റെ ആദ്യഭാര്യയും മക്കളും പൊലീസ് കസ്റ്റഡിയിൽ. ഭർത്താവിന്റെ രണ്ടാം വിവാഹത്തെച്ചൊല്ലിയുണ്ടായ വൈരാഗ്യമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ.
അജ്മീർ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ശ്രീരാംപുര ഗ്രാമത്തിലാണ് സംഭവം. ദേശീയപാതയിൽ കത്തിക്കൊണ്ടിരുന്ന സ്കോർപിയോ കാർ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുൻ ഗ്രാമമുഖ്യൻ രാം സിംഗ് ചൗധരി, അമ്മ പൂസി ദേവി, രണ്ടാം ഭാര്യ സൂര്യഗ്യാൻ ദേവി, ബന്ധുവായ മഹിമ ചൗധരി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് മൃതദേഹങ്ങൾ കാറിനുള്ളിലും മറ്റൊന്ന് സമീപത്തെ വയലിലുമായിരുന്നു.
വീട്ടിനുള്ളിൽ വെച്ച് നാലുപേരെയും കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹങ്ങൾ കാറിലാക്കി ദേശീയപാതയിൽ എത്തിച്ച് തീയിട്ടതാണെന്നാണ് പൊലീസ് പറയുന്നത്. അപകടമരണം പോലെ തോന്നിപ്പിക്കാനായിരുന്നു ശ്രമമെങ്കിലും ഫോറൻസിക് പരിശോധനയിൽ മൃതദേഹങ്ങളിൽ ഗുരുതര മുറിവുകൾ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് വ്യക്തമായി.
സംഭവത്തിന് പിന്നാലെ രാം സിംഗിന്റെ ആദ്യഭാര്യ സുനിത നാട്ടുകാരുടെ മുന്നിൽ കരഞ്ഞും തളർന്നുവീണും ഒന്നും അറിയാത്തവളായി പെരുമാറിയിരുന്നു. ആദ്യം പൊലീസിനോട് രാം സിംഗ് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതാണെന്ന് സുനിത പറഞ്ഞെങ്കിലും, പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പൊലീസ് അന്വേഷണം ശക്തമാക്കി.
തുടർന്നുള്ള അന്വേഷണത്തിലാണ് കുടുംബത്തിൽ രണ്ടാം വിവാഹത്തെച്ചൊല്ലി നീണ്ടുനിന്ന തർക്കങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തിയത്. ബുധനാഴ്ച രാത്രി വീട്ടിലുണ്ടായ വാക്കുതർക്കം അക്രമത്തിലേക്ക് നീങ്ങിയതോടെ സുനിത മകൾ സരിതയുടെയും പ്രായപൂർത്തിയാകാത്ത മകന്റെയും സഹായത്തോടെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് നാലുപേരെയും ആക്രമിച്ചുകൊലപ്പെടുത്തിയതായാണ് പൊലീസ് കണ്ടെത്തൽ.
ഗ്രാമവാസികളിൽ നിന്ന് ലഭിച്ച വിവരങ്ങളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി സുനിതയെയും രണ്ട് മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിൽ ഉപയോഗിച്ച ആയുധങ്ങളും സംഭവത്തിന്റെ കൂടുതൽ വിവരങ്ങളും കണ്ടെത്താൻ ചോദ്യം ചെയ്യൽ തുടരുകയാണ്.






