അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ സ്കൂൾ നീന്തൽക്കുളത്തിൽ പ്ലസ് ടു വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജിടി റോഡിലെ ശുഭം എൻക്ലേവിലുള്ള ശ്രീ ഗുരു ഹർകൃഷ്ണൻ പബ്ലിക് സ്കൂൾ ഓഫ് എക്സലൻസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ആര്യൻ (18) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
സ്കൂളിൽ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ പങ്കെടുക്കാനാണ് ആര്യൻ പോയതെന്ന് മാതാവ് സുനിത അറിയിച്ചു. രാത്രി എട്ടുമണിയോടെ വിദ്യാർഥിയെ നോവ മെഡിസിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷം സ്കൂൾ അധികൃതർ മടങ്ങിപ്പോയെന്നും പിന്നീട് അവരെ ഫോണിൽ ബന്ധപ്പെടാൻ പോലും കഴിഞ്ഞില്ലെന്നും മാതാവ് പറഞ്ഞു. മകന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതരോ കുടുംബാംഗങ്ങളോ ഉടൻ പോലീസിനെ അറിയിക്കാതിരുന്നതിൽ അത്ഭുതമുണ്ടെന്ന് പഞ്ചാബ് പോലീസ് എസിപി രവീന്ദർ സിംഗ് സിദ്ധു പ്രതികരിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
അതേസമയം, സ്കൂൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ ചീഫ് ഖൽസ ദിവാന്റെ ഭാരവാഹികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. പഞ്ചാബിലുടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും നടത്തുന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള ചാരിറ്റബിൾ സംഘടനയാണ് ചീഫ് ഖൽസ ദിവാൻ.






