ബെംഗളുരു: കര്‍ണാടകയുടെ 25-ാമത് മുഖ്യമന്ത്രി ആയി ഡി കെ ശിവകുമാര്‍ ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളുരു ലോക്ഭവന് ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളും മന്ത്രിസഭാ അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും പങ്കെടുക്കും.
ഹൈക്കമാന്റിന്റെ നിര്‍ദേശപ്രകാരം സിദ്ധരാമയ്യ മുഖ്യമന്ത്രിയുടെ സ്ഥാനത്ത് നിന്ന് രാജിവച്ചതിനു ശേഷം 64 കാരനായ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. സിദ്ധരാമയ്യ രാജിവച്ചതിന് പിന്നാലെ അദ്ദേഹം തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള സന്ദേശവും, ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭിപ്രായവും പങ്കുവെച്ചിരുന്നു.
കര്‍ണാടകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ഹൈക്കമാന്റിന്റെ തീരുമാനം. ഇവര്‍ ലിംഗായത്ത്, ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
മുഖ്യമന്ത്രി പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ ഡി കെ ശിവകുമാറിന് അനുശംസകളുമായി അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ബാനറുകളും ഉയര്‍ന്നിരുന്നു. നിലവിൽ സിദ്ധരാമയ്യ കാവല്‍ മുഖ്യമന്ത്രിയായാണ് തുടരുന്നത്.




