കോഴിക്കോട്: വടകരയിൽ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വയോധികൻ ഇബ്രാഹിംകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും ഡിസിസി സെക്രട്ടറിയുമായ വി. സുധീർകുമാറിനെതിരെ സിപിഎം രംഗത്ത്. സംഭവത്തിൽ ഇബ്രാഹിംകുട്ടിക്ക് നീതി ലഭിക്കണമെന്നും സുധീർകുമാറിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മഹബൂബ് ആവശ്യപ്പെട്ടു.
വടകര കടത്തനാട് ലേബർ സൊസൈറ്റിയുടെ മുൻ പ്രസിഡന്റായിരുന്ന സുധീർകുമാറിന്റെ വീടിന് മുന്നിലെത്തിയാണ് ഇബ്രാഹിംകുട്ടി പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യാശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇബ്രാഹിംകുട്ടിയും കുടുംബവും സഹകരണ സൊസൈറ്റിയിൽ 7.5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. മകളുടെ വിവാഹാവശ്യങ്ങൾക്കായി ഈ തുക പലതവണ തിരികെ ആവശ്യപ്പെട്ടെങ്കിലും സൊസൈറ്റി അധികൃതർ പണം നൽകാൻ തയ്യാറായില്ലെന്നാണ് ആരോപണം. ഇതിൽ കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്ന ഇബ്രാഹിംകുട്ടി ഒടുവിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
സംഭവം രാഷ്ട്രീയ വിവാദമായി മാറിയ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്ന് ആവശ്യങ്ങൾ ഉയരുന്നുണ്ട്.




