തിരുവനന്തപുരം: നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പങ്കാളി അഷ്‌കർ പൊലീസ് കസ്റ്റഡിയിലായി. കുട്ടിയുടെ അമ്മ അഖിലയെയും പൊലീസ് ചോദ്യം ചെയ്യുമെന്ന് അറിയിച്ചു.
ആദ്യഘട്ടത്തിൽ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു അഷ്‌കറിന്റെ മൊഴി. എന്നാൽ ഇൻക്വസ്റ്റ് പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെയും പൊള്ളലിന്റെയും പാടുകൾ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത ശക്തമായി.
കുട്ടിയെ അഷ്‌കർ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ തിരുവനന്തപുരത്തെ എസ് എടി ആശുപത്രിയിൽ എത്തിച്ചത്.
മൃതദേഹത്തിലെ മുറിവുകളും പൊള്ളലിന് സമാനമായ പാടുകളും സിഗരറ്റ് ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന സംശയവും ബന്ധുക്കൾ ഉയർത്തുന്നു. കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാർ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ വ്യക്തത വരുത്തുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.






