റിയാദ്: വിശുദ്ധ ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയാക്കിയ മലയാളി തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. മിനായിലെ മൂന്ന് ജംറകളിലും കല്ലേറ് കർമം പൂർത്തിയാക്കിയ ശേഷം ഭൂരിഭാഗം തീർഥാടകരും മക്കയിലേക്ക് മടങ്ങിയതായി റിപ്പോർട്ട്.
ആറു ദിവസത്തെ പ്രധാന ഹജ്ജ് കർമങ്ങൾ കഴിഞ്ഞ് ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ വലിയൊരു വിഭാഗം ഇതിനകം താമസ സ്ഥലങ്ങളിലേക്ക് തിരിച്ചെത്തി. സൗദി ഭരണകൂടവും ഹജ്ജ് മിഷനും ഒരുക്കിയ സൗകര്യങ്ങൾ മൂലം ഇത്തവണ കർമങ്ങൾ സുഗമമായിരുന്നുവെന്ന് തീർഥാടകർ അറിയിച്ചു.
ചില അവശരായതും രോഗബാധിതരായതുമായ തീർഥാടകർക്ക് ത്വവാഫ്, സഈ തുടങ്ങിയ അവസാന കർമങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇവർ വരും ദിവസങ്ങളിൽ മക്കയിൽ നിന്ന് വിടവാങ്ങൽ ത്വവാഫ് പൂർത്തിയാക്കിയ ശേഷം വിമാനത്താവളങ്ങളിലേക്ക് തിരിക്കും.
സ്വകാര്യ ഏജൻസികൾ വഴി എത്തിയ തീർഥാടകരുടെ മടക്കയാത്ര തിങ്കളാഴ്ച മുതൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി ആരംഭിക്കും. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർഥാടകരുടെ മടക്കയാത്ര ചൊവ്വാഴ്ച മുതലാണ് ആരംഭിക്കുന്നത്.
കേരളത്തിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെയുള്ളവർക്ക് ഹജ്ജിന് ശേഷമുള്ള മദീന സന്ദർശനവും ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ജൂൺ 13 മുതൽ കേരളത്തിലേക്കുള്ള മടക്കയാത്ര ആരംഭിക്കും.
അതേസമയം, ഇത്തവണ ഹജ്ജിനിടെ നാല് മലയാളി തീർഥാടകർ മക്കയിൽ മരണപ്പെട്ടിരുന്നു. കർമങ്ങൾക്ക് മുൻപും ഇടയിലും മരണം സംഭവിച്ച ഇവരുടെ മൃതദേഹങ്ങൾ മക്കയിൽ തന്നെ ഖബറടക്കുകയായിരുന്നു.






