പാരിസ്: ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജി വിജയം ആഘോഷിക്കാൻ ഒത്തുകൂടിയ ആരാധകരും പൊലീസും ഏറ്റുമുട്ടിയതോടെ പാരിസ് കലാപഭൂമിയായി. സംഭവത്തിൽ 219 പേർക്ക് പരിക്കേറ്റതായും ഇതിൽ 8 പേരുടെ നില ഗുരുതരമാണെന്നും ഫ്രാൻസ് ആഭ്യന്തര മന്ത്രി ലോറൻ ന്യൂനെസ് അറിയിച്ചു.
സംഘർഷവുമായി ബന്ധപ്പെട്ട് 780 പേരെ അറസ്റ്റ് ചെയ്തതായും 450ലേറെ പേരെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം വ്യക്തമാക്കി. കലാപം നിയന്ത്രിക്കാൻ ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് പാരിസിലെ ബസ്, ട്രെയിൻ ഗതാഗതവും തടസപ്പെട്ടു.
ശനിയാഴ്ച ആഴ്സനലിനെ തോൽപ്പിച്ച് പിഎസ്ജി ചാംപ്യൻസ് ലീഗ് കിരീടം നേടിയതിന്റെ ആഘോഷത്തിനായി വലിയ തോതിൽ ആരാധകർ പാരിസിൽ ഒത്തുകൂടിയിരുന്നു. എന്നാൽ ആഘോഷത്തിനിടയിൽ ചില യുവാക്കൾ പടക്കം പൊട്ടിക്കുകയും കടകളുടെ ചില്ലുകൾ തകർക്കുകയും ചെയ്തതോടെ സ്ഥിതി സംഘർഷത്തിലേക്ക് മാറി.
ഇലക്ട്രിക് ബൈക്കുകളിൽ എത്തിയ ചിലരുടെ അക്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂരിഭാഗം ആളുകളും സമാധാനപരമായി ആഘോഷിക്കാനെത്തിയവരായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ സൃഷ്ടിച്ചവർ പിഎസ്ജി ആരാധകരോ ഫുട്ബോൾ പ്രേമികളോ അല്ലെന്നും അവർ കുറ്റപ്പെടുത്തി. കലാപം തടയാൻ ശക്തമായ നടപടി തുടരുമെന്നും പൊലീസ് അറിയിച്ചു.






