മലപ്പുറം: സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ നിക്ഷേപിക്കാമെന്ന് വിശ്വസിപ്പിച്ച് 44 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ. വെട്ടത്തൂർ സ്വദേശിനിയായ പുളിക്കാതൊടി വീട്ടിൽ പ്രിയ മോൾ (43) ആണ് മേലാറ്റൂർ പോലീസിന്റെ പിടിയിലായത്. ഇൻഷുറൻസ് കമ്പനിയിൽ നിക്ഷേപം നടത്താമെന്ന് പറഞ്ഞ് വെട്ടത്തൂർ തേലക്കാട് സ്വദേശിയിൽ നിന്ന് 44 ലക്ഷം രൂപ കൈവശപ്പെടുത്തിയ ശേഷം പണം നിക്ഷേപിച്ചില്ലെന്നും വ്യാജ രസീതുകൾ നൽകി വിശ്വാസ വഞ്ചന നടത്തിയെന്നുമാണ് പരാതി.
മേലാറ്റൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് നടന്നത്. എസ്ഐ പ്രദീപ്, എഎസ്ഐ സിന്ധു വെള്ളയങ്ങര, സീനിയർ പോലീസ് ഓഫീസർമാരായ രാകേഷ് ചന്ദ്ര, കൃഷ്ണകുമാർ, ദിനേശ് കിഴക്കേക്കര, സിവിൽ പോലീസ് ഓഫീസർമാരായ അനിത, ചന്ദ്രദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തെ റിമാൻഡ് ചെയ്തു.






