കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലും ഫ്‌ലോറിഡയിലുമായി 3.2 കോടി കൊതുകുകളെ തുറന്നുവിടാനുള്ള പദ്ധതിയുമായി ഗൂഗിള്‍. പ്രത്യേകം വളര്‍ത്തിയ, ബാക്ടീരിയ ബാധയുള്ള കൊതുകുകളെയാണ് നഗരങ്ങളില്‍ തുറന്നുവിടുക. എന്തിന് ഇങ്ങനെ ചെയ്യുന്നു എന്നല്ലേ? ഡെങ്കിപ്പനി, സിക്ക വൈറസ്, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളുടെ എണ്ണം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഗൂഗിളിന്റെ ആരോഗ്യ സാങ്കേതിക വിഭാഗമായ വിർളി (Verily) അറിയിച്ചു. ആൺ കൊതുകുകൾ മനുഷ്യരെ കുത്തില്ല, അതിനാൽ നേരിട്ട് ആരോഗ്യഭീഷണിയില്ല.
പദ്ധതിയുടെ ഭാഗമായി ലബോറട്ടറിയില്‍ വളര്‍ത്തുന്ന ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പെട്ട കൊതുകുകളെയാണ് തുറന്നുവിടുക. ഇവയെ സ്വാഭാവികമായി കാണപ്പെടാത്ത വോള്‍ബാഷിയ ( Wolbachina) എന്ന ബാക്ടീരിയ ബാധിച്ചിരിക്കും. ഈ കൊതുകുകള്‍ പെണ്‍ കൊതുകുകളുമായി ഇണചേരുമ്പോള്‍ അവയ്ക്ക് പ്രജനന ശേഷി നഷ്ടമാവുകയും മുട്ടയിടാനാവാതെ വരികയും ചെയ്യും. ഇതുവഴി അടുത്ത തലമുറയിലെ കൊതുകുകളുടെ എണ്ണം ഗണ്യമായി കുറയുമെന്നും ഗവേഷകര്‍ പറയുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നതിന്റെ ദോഷവശങ്ങളും പഠിക്കും.




