കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളിൽ ഒരാളായ അശ്വിൻ പരോൾ വ്യവസ്ഥ ലംഘിച്ച് സമൂഹമാധ്യമത്തിൽ റീൽ പങ്കുവെച്ചതായി ആരോപണം. കേസിലെ ഏഴാം പ്രതിയായ അശ്വിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അശ്വിൻ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചതെന്നാണ് വിവരം. നിലവിൽ പരോളിൽ കഴിയുന്ന അശ്വിന് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നത് പരോൾ വ്യവസ്ഥകളിൽ ഒന്നായിരുന്നു. ഈ സാഹചര്യത്തിലാണ് റീൽ പുറത്തുവന്നത്. ഇതോടെ പരോൾ വ്യവസ്ഥ ലംഘിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.
പെരിയ കല്യോട്ട് സ്വദേശികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് നിലവിൽ പരോൾ അനുവദിച്ചിരിക്കുന്നത്. ഒന്നാം പ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
ഇരുപത് ദിവസത്തേക്കാണ് ഇവർക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് മുമ്പ് പ്രതികളുടെ പരോൾ നടപടികൾ പൂർത്തിയാക്കിയിരുന്നു. പ്രതികൾക്ക് ഒരുമിച്ച് പരോൾ അനുവദിച്ചതിനെ തുടർന്ന് വലിയ വിവാദവും ഉയർന്നു.
വിവാദത്തെ തുടർന്ന് കേസിലെ മറ്റ് നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇവരെ ആഭ്യന്തര വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ പുറത്തിറക്കില്ല. എല്ലാ പ്രതികൾക്കും ഒരുമിച്ച് പരോൾ അനുവദിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന പരാതിയെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിൽ പരോൾ അനുവദിച്ചത് ചട്ടപ്രകാരമാണെന്ന് കണ്ടെത്തിയാൽ മാത്രമേ ബാക്കിയുള്ള പ്രതികൾക്ക് പരോൾ അനുവദിക്കുകയുള്ളുവെന്നാണ് വിവരം.






