തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ യുവതിയെ ഭർത്താവ് കഴുത്തറത്ത് കൊലപ്പെടുത്തി. മണ്ണന്തല സ്വദേശിനിയായ ഹസീന (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
ഹസീനയും സുരേഷും നാല് മക്കളും ഉൾപ്പെടെ ഏഴുപേരാണ് കഴിഞ്ഞ നാല് മാസമായി നാലാഞ്ചിറയിലെ വാടകവീട്ടിൽ താമസിച്ചിരുന്നത്. ദമ്പതികൾ തമ്മിൽ കുറച്ചുകാലമായി കുടുംബപ്രശ്നങ്ങളും തർക്കങ്ങളും നിലനിന്നിരുന്നതായി വിവരമുണ്ട്. സുരേഷിന് ഹസീനയെ സംബന്ധിച്ച് സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും ഇതിന്റെ പേരിൽ വഴക്കുകൾ പതിവായിരുന്നുവെന്നുമാണ് സൂചന.
ചൊവ്വാഴ്ച ഉണ്ടായ രൂക്ഷമായ തർക്കത്തെ തുടർന്ന് വിഷയം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. പൊലീസ് ഇടപെട്ട് ഇരുവരെയും അനുനയിപ്പിച്ച് വീട്ടിലേക്ക് മടക്കി അയച്ചതായും അറിയുന്നു.
എന്നാൽ ബുധനാഴ്ച രാവിലെയും ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടാവുകയും തുടർന്ന് സുരേഷ് കത്തി ഉപയോഗിച്ച് ഹസീനയുടെ കഴുത്തറക്കുകയുമായിരുന്നു. മക്കളുടെ മുന്നിൽവെച്ചാണ് ആക്രമണം നടന്നത്. ശേഷം കത്തി ശുചിമുറിയിൽ കഴുകിവെച്ചശേഷം സുരേഷ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.
വട്ടിയൂർക്കാവ് സ്വദേശിയായ സുരേഷ് ഇലക്ട്രീഷ്യനാണ്. സംഭവത്തിൽ മണക്കാട്, മണ്ണന്തല പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.






