അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ഡീഗോ അതിർത്തി നഗരത്തിലെ ഒരു സാധാരണ ഹോൾസെയിൽ കടയുടെ മറവിൽ നടന്നിരുന്നത് വൻ മയക്കുമരുന്ന് കടത്താണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ‘ബൈ ഫോർ ലെസ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം പുറമേ നോക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വിൽക്കുന്ന ഒരു ഗോഡൗൺ പോലെയായിരുന്നു. എന്നാൽ കാര്യമായ കച്ചവടമോ ഉപഭോക്തൃ തിരക്കോ അവിടെയുണ്ടായിരുന്നില്ല.
മെക്‌സിക്കോയിലെ ടിജുവാനയ്ക്ക് സമീപവും അമേരിക്കയിലെ സാൻ ഡീഗോയിലെ ഒട്ടായ് മേസ പോർട്ട് ഓഫ് എൻട്രിക്ക് സമീപവുമായിരുന്നു ഈ കട സ്ഥിതി ചെയ്തിരുന്നത്. 2005 മുതൽ അമേരിക്കൻ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്ന സ്ഥാപനത്തിൽ അടുത്തിടെ നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
പരിശോധനയിൽ 45 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന 1,029 കിലോഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് പേർ അമേരിക്കക്കാരും രണ്ട് പേർ മെക്‌സിക്കൻ പൗരന്മാരുമാണ്.
അന്വേഷണത്തിനിടെ കടയിലെ ഒരു സ്റ്റോറേജ് മുറിയുടെ തറയ്ക്കടിയിൽ ഒളിപ്പിച്ചിരുന്ന രഹസ്യ പ്രവേശന കവാടം ഉദ്യോഗസ്ഥർ കണ്ടെത്തി. അത് തുറന്നപ്പോൾ അമേരിക്ക-മെക്‌സിക്കോ അതിർത്തിയെ ബന്ധിപ്പിക്കുന്ന വലിയൊരു ഭൂഗർഭ തുരങ്കമാണ് കണ്ടെത്തിയത്. കോൺക്രീറ്റ് പടികളിലൂടെ താഴേക്ക് ഇറങ്ങുന്ന തുരങ്കത്തിന് ഉറപ്പുള്ള കോൺക്രീറ്റ് തറയും ചുവരുകളും ഉണ്ടായിരുന്നു.
ഏകദേശം 1,933 അടി (590 മീറ്റർ) നീളവും 55 അടി (16.8 മീറ്റർ) ആഴവുമുള്ള തുരങ്കത്തിന് 4.5 അടി (1.4 മീറ്റർ) വരെ ഉയരമുണ്ട്. അമേരിക്കൻ അതിർത്തി കടന്ന് മെക്‌സിക്കൻ ഭാഗത്തേക്കും 800 അടിയിലധികം ദൂരം ഇത് വ്യാപിച്ചുകിടക്കുന്നു.
റെയിൽ സംവിധാനവും വായുസഞ്ചാര സൗകര്യവും വൈദ്യുതിയും ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് തുരങ്കം നിർമ്മിച്ചിരുന്നത്. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ചായിരുന്നു പ്രവേശനം. ഈ വഴിയിലൂടെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ടൺകണക്കിന് മയക്കുമരുന്ന് അമേരിക്കയിലേക്ക് കടത്തിയിരുന്നുവെന്നാണ് അമേരിക്കൻ-മെക്‌സിക്കൻ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
കുപ്രസിദ്ധ മെക്‌സിക്കൻ മയക്കുമരുന്ന് സംഘമായ ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലാണ് തുരങ്കത്തിന്റെയും മയക്കുമരുന്ന് ശൃംഖലയുടെയും പിന്നിലെന്നാണ് പ്രാഥമിക അന്വേഷണ വിവരം.






