ബെംഗളൂരു: കർണാടകയിൽ പുതിയ മുഖ്യമന്ത്രി ഡി കെ ശിവകുമാർ അധികാരമേറ്റതിന് പിന്നാലെ വൻ പ്രഖ്യാപനങ്ങളുമായി സർക്കാർ രംഗത്ത്. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര, 56,000 സർക്കാർ തസ്തികകളിലേക്ക് ഉടൻ നിയമനം, 10,000 യുവ ക്ലബുകൾക്ക് മൊത്തം 10 ലക്ഷം രൂപ ഗ്രാന്റ് എന്നിവ പ്രധാന പ്രഖ്യാപനങ്ങളാണ്.
യുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കാനും തീരുമാനം സ്വീകരിച്ചിട്ടുണ്ട്. ബെംഗളുരു റോഡ് വികസനത്തിന് 2,000 കോടി രൂപ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ കർഷകർക്ക് വേണ്ടി പ്രത്യേക പദ്ധതികളും നടപ്പാക്കാനാണ് തീരുമാനം.
ഈ പ്രഖ്യാപനങ്ങൾ പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിനുശേഷമാണ് നടന്നത്. ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഉൾപ്പെടെയുള്ള 13 മന്ത്രിമാരാണ് ചടങ്ങിൽ പങ്കെടുത്തത്. ഡി കെ ശിവകുമാർ ബുധനാഴ്ച വൈകിട്ടായിരുന്നു 18-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതൃനിര ഒത്തുചേർന്നിരുന്നു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എന്നിവരും പങ്കെടുത്തു.






