തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്. നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി സർവീസ് അവസാനിപ്പിക്കൽ, തൊഴിൽസുരക്ഷ ഉറപ്പാക്കൽ എന്നിവയുൾപ്പെടെ 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതോടെ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നിരവധി ടാക്സികൾ സർവീസ് നിർത്തിവെച്ചു.
മുൻകൂട്ടി അറിയിക്കാതെ ഡ്രൈവർമാരെ പ്ലാറ്റ്ഫോമിൽ നിന്ന് ബ്ലോക്ക് ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, ഇന്ധനവില വർധന കണക്കിലെടുത്ത് ഏകീകൃതവും യുക്തിസഹവുമായ നിരക്ക് നടപ്പാക്കുക, കമ്പനികൾ ഈടാക്കുന്ന ഉയർന്ന കമ്മീഷൻ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെക്കുന്നത്. ആവശ്യങ്ങൾ രേഖാമൂലം അംഗീകരിക്കണമെന്നാണ് ഇവരുടെ നിലപാട്.
ഇന്ധനവില വർധനയും വാഹനപരിപാലന ചെലവും ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ നിലവിലെ വരുമാനം ചെലവുകൾ പോലും താങ്ങാനാകാത്ത അവസ്ഥയാണെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കുന്നതുവരെ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും അവർ അറിയിച്ചു.




