ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ്, പ്രത്യേകിച്ച് വിഡി സതീശൻ അധികാരത്തിലെത്താനുള്ള അനവധി കാരണങ്ങളിൽ ഒന്നായിരുന്നു യുവാക്കളുടെ വോട്ട് എന്നത്. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന സതീശന്റെ ഒറ്റ ഡയലോഗ് അത്രയേറെ ഇംപാക്ട് ജെൻസീകൾക്കിടയിൽ ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ വാഹനപ്രേമികളും ജെൻസികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. സ്റ്റിക്കറുകളും ലൈറ്റുകളും ഉൾപ്പെടെ 18 തരം മോഡിഫിക്കേഷൻ ആവാമെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ഗതാഗത കമ്മീഷണർ തയ്യാറാക്കിയ പട്ടിക സംസ്ഥാന സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും.
എന്നാൽ ജെൻസീയെ സതീശൻ തേച്ചു എന്ന തരത്തിലും വിമർശനം ഉയരുന്നുണ്ട്. അതിന് കാരണവുമുണ്ട്. കൂടുതൽ മോഡിഫിക്കേഷൻ ആവാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാഗ്ദാനം. പക്ഷെ ഇപ്പോൾ ഇറങ്ങിയ 18 നിർദേശങ്ങൾ എല്ലാം തന്നെ നേരത്തെ മുതൽ അനുവദനീയമായ മാറ്റങ്ങളാണ് എന്നതാണ് ഇതിലെ ട്വിസ്റ്റ്. വാഹനപ്രേമികളെ, പ്രത്യേകിച്ച് യുവാക്കളെ വ്യാജവാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നു സതീശൻ എന്നാണ് സോഷ്യൽ മീഡിയ അടക്കം പറയുന്നത്.
സീറ്റ് കവറും സ്റ്റിയറിംഗിൽ വീൽ കവറും മാറ്റാം, എയർ മാറ്റ് വെക്കാം, ഡാഷ് ക്യാമറയും റിവേഴ്സ് ക്യാമറയും വെക്കാം തുടങ്ങിയവയാണ് അനുമതി ആവശ്യമില്ലാത്ത മാറ്റങ്ങളായി നിർദേശിച്ചിട്ടുള്ളത്. അനുവദനീയമായ തോതിൽ കൂളിങ് ഫിലിം ഒട്ടിക്കാമെന്ന നിർദേശവും നിലവിലുള്ളതാണ്. ആർസിയിൽ മാറ്റംവരുത്തി ചെയ്യാമെന്ന് നിർദേശിച്ചിട്ടുള്ള ആറ് തരം മോഡിഫിക്കേഷനുകളും നേരത്തെ മുതലുള്ളവയാണ്. വാഹനത്തിന്റെ നിറം മാറ്റൽ, എൽപിജി / സിഎൻജി കിറ്റ് വെക്കൽ, ഭിന്നശേഷി സൗഹൃദ വാഹനമാക്കൽ- തുടങ്ങിയവയാണ് ഈ ഗണത്തിൽ നിർദേശിച്ചിട്ടുള്ളത്. ആർടി ഓഫീസിൽ അപേക്ഷ നൽകി, നിശ്ചിത ഫീസ് അടച്ച് ഈ മാറ്റങ്ങളൊക്കെയും മുൻപും വരുത്താമായിരുന്നതാണ്.
ഗതാഗത കമീഷണർ തയ്യാറാക്കിയ റിപ്പോർട്ടിൽ ആൾട്രേഷൻ വിഭാഗം സെക്ഷൻ 52നെ കുറിച്ച് പരാമർശമില്ല. ഇതിലാണ് വാഹനത്തിന്റെ ഘടനാപരമായ മാറ്റങ്ങൾ വരുന്നത്. മോഡിഫിക്കേഷൻ ആവാം എന്ന് സതീശൻ പറയുമ്പോഴെല്ലാം വണ്ടിപ്രാന്തന്മാർ പ്രതീക്ഷിച്ചിരുന്നത് ആൾട്രേഷൻ സംബന്ധിച്ച മാറ്റങ്ങളായിരുന്നു. അതാണ് ഇപ്പോൾ വെള്ളത്തിലായിരിക്കുന്നത്. ഗതാഗത കമീഷണർ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും.
അനുമതിയില്ലാതെ ചെയ്യാവുന്ന ആ 18 തരം മോഡിഫിക്കേഷനുകൾ ഒന്ന് നോക്കാം
- സീറ്റ് കവർ
- എയർ മാറ്റ്
- സ്റ്റിയറിംഗിൽ വീൽ കവർ
- ക്രോം ഗാർണിഷ്
- ഡോർ വൈസറുകൾ
- മഡ് ഫ്ലാപ്പുകൾ
- ബോഡി സ്റ്റിക്കറുകൾ
- ഇന്റീരിയർ ആംബിയന്റ് ലൈറ്റിംഗ്
- ഡാഷ് ക്യാമറ
- റിവേഴ്സ് ക്യാമറ
- പാർക്കിംഗ് സെൻസർ
- ജിപിഎസ് ട്രാക്കർ
- ആൻഡ്രോയിഡ് ഇൻഫോടെയിൻമെന്റ് സിസ്റ്റം
- അഡിഷണൽ സ്പീക്കറുകൾ
- സബ്വൂഫർ മോണിറ്ററിന്റെ സിസ്റ്റം
- ടോ ഹുക്കുകൾ
- റൂഫ് കാരിയറുകൾ
- 50 ശതമാനം സുതാര്യമായ സൺ ഫിലിം
ആർസിയിൽ മാറ്റം വരുത്തി ചെയ്യാവുന്ന മോഡിഫിക്കേഷനുകൾ ഇവയെല്ലാം
- വാഹനത്തിന്റെ നിറം മാറ്റൽ
- എൻജിൻ മാറ്റൽ
- എൽപിജി / സിഎൻജി കിറ്റ് വെക്കൽ
- ഇലക്ട്രിക്കാക്കി മാറ്റൽ
- ഭിന്നശേഷി സൗഹൃദ വാഹനമാക്കൽ
- ചാസി ഫ്രെയിം മാറ്റൽ
വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും അതിന് ശേഷവും പിആർ ഏജൻസികളെ ഉപയോഗിച്ച് വലിയ പ്രചാരണമാണ് സതീശൻ നടത്തിയത്. പറഞ്ഞതെല്ലാം വെറും പിആർ തള്ള് മാത്രമായിരുന്നോ എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. ഗതാഗത കമീഷണർ തയ്യാറാക്കിയ റിപ്പോർട്ട് മാധ്യമങ്ങളിൽ പുറത്തുവന്നതോടെ മുഖ്യമന്ത്രി ‘എയറിലായി’. വലിയ പരിഹാസങ്ങളും ട്രോളുകളുമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. “അപ്പോൾ ഇത്രയും നാൾ ഞാൻ ഉപയോഗിച്ചിരുന്നത് മോഡിഫൈ ചെയ്ത വണ്ടി ആയിരുന്നോ, ഷാംപൂ ഇട്ട് കഴുകാൻ അനുവദിച്ചതിൽ പൂക്കി മുഖ്യമന്ത്രിക്ക് നന്ദി, ഇനി വേണം സീറ്റ് കവർ മാറ്റാൻ, മുന്തിരിയുടെ കീച്ചെയ്ൻ വാങ്ങാമോ?”- ഇങ്ങനെ പോകുന്നു ട്രോളുകൾ.
ഇനി കുറച്ച് യാഥാർത്ഥ്യങ്ങൾ നോക്കാം. വാഹനങ്ങളുടെ ഘടനയിലും എൻജിനിലും വരുത്തുന്ന മാറ്റങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്ര നിയമമായ മോട്ടോർ വെഹിക്കിൾ ആക്ട് ആണ്. കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ ഈ നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല. അതായത്, ഈ വിഷയം മുഖ്യമന്ത്രി വിഡി സതീശന്റെ കയ്യിൽ ഒതുങ്ങുന്നതല്ലെന്നർത്ഥം. ഏതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രി വിചാരിച്ചാൽ മാറ്റാവുന്ന നിയമമല്ല ഇത്. വാഹനം നിർമിച്ച കമ്പനി നൽകുന്ന സാങ്കേതിക മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ നിലവിലെ നിയമം സംസ്ഥാനങ്ങളെ അനുവദിക്കുന്നില്ല. സുരക്ഷാ കാരണങ്ങളാൽ വാഹനങ്ങളിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതെല്ലാം മറച്ചുവെച്ചാണ് മോഡിഫിക്കേഷൻ അനുവദിക്കുമെന്ന് സതീശൻ അവകാശപ്പെട്ടത്.






