കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഏകദേശം 1000 പേജുകളുള്ള കുറ്റപത്രത്തിൽ നിർമാതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അന്വേഷണത്തിൽ, സിനിമയുടെ നിർമാണത്തിനായി പ്രതികൾ സ്വന്തം നിലയിൽ പണം മുടക്കിയിട്ടില്ലെന്ന് കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. നിക്ഷേപകരെ വഞ്ചിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് പണം സമാഹരിച്ചതെന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു.
നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേസിലെ പ്രതികൾ. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തെന്നാണ് അരൂർ സ്വദേശിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിലെ പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അതേസമയം, കേസ് റദ്ദാക്കണമെന്ന ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്നും, അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിന്റെ തുടർ നടപടികൾ ഇനി കോടതിയുടെ പരിഗണനയിലാണ്.






