മസ്കറ്റ്: ഒമാനിലെ ഫഹൽ (മിന അൽ ഫഹൽ) തുറമുഖത്ത് പ്രവർത്തനം സാധാരണ നിലയിൽ തുടരുകയാണെന്ന് ഒമാൻ ഓയിൽ ഡെവലപ്മെന്റ് കമ്പനി അറിയിച്ചു. തുറമുഖത്ത് സ്ഫോടനം നടന്നതായി വന്ന റിപ്പോർട്ടുകൾക്കിടെയാണ് ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.
മുമ്പ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ടെർമിനലിന് സമീപം സ്ഫോടനം ഉണ്ടായതിനെ തുടർന്ന് എണ്ണ കയറ്റുമതിയും വിതരണവും താൽക്കാലികമായി നിർത്തിവച്ചതായി പറഞ്ഞിരുന്നു. കടലിൽ നിന്ന് കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കുന്ന സിംഗിൾ-ബോയി മൂറിങ് (SBM) ബെർത്തുകൾക്ക് സമീപമാണ് സംഭവം ഉണ്ടായതെന്നുമായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഇപ്പോൾ ഒമാൻ ഓയിൽ ഡെവലപ്മെന്റ് കമ്പനി തുറമുഖത്തിന്റെ പ്രവർത്തനത്തിൽ തടസ്സമില്ലെന്നും, സാഹചര്യം നിയന്ത്രണത്തിലാണെന്നും വ്യക്തമാക്കി.
അതേസമയം പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ടെർമിനലിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറങ്ങുന്നതും തുടർന്ന് തീപിടിത്തമുണ്ടാകുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഈ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട്.






