തിരുവനന്തപുരം: നേമത്തെ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശബരീനാഥൻ ഹൈക്കോടതിയെ സമീപിച്ചു. സ്വത്തുവിവരങ്ങൾ മറച്ചുവെച്ച് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം നൽകിയെന്നാരോപിച്ചാണ് നേമം എംഎൽഎ രാജീവ് ചന്ദ്രശേഖരന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി ശബരീനാഥൻ ഹൈക്കോടതിയെ സമീപിച്ചത്.
ബംഗളൂരുവിലെ 200 കോടിയോളം രൂപയുടെ ആസ്തി ഉൾപ്പെടെ മൂന്ന് ഇടങ്ങളിലെ സ്വത്തുക്കളുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ഹർജിയിലെ ആരോപണം. സ്വത്ത് വിവരങ്ങൾ മനഃപൂർവം മറച്ചുവെച്ചത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അതിനാൽ രാജീവ് ചന്ദ്രശേഖരനെ അയോഗ്യനാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പത്രിക സമർപ്പണ സമയത്ത് ഈ വിഷയം വരണാധികാരിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഹർജി നൽകാനാണ് നിർദേശം ലഭിച്ചതെന്നും ശബരീനാഥൻ ഹർജിയിൽ വ്യക്തമാക്കി.
അതേസമയം, കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി വി. മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് വി. മുരളീധരൻ വിജയം നേടിയതെന്നാണ് കടകംപള്ളിയുടെ ആരോപണം.



