ചെന്നൈ: ബിജെപി വിട്ടതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ‘നല്ല രാഷ്ട്രീയം തേടുന്ന ഒരു സാധാരണക്കാരൻ’ (A common man in search of good politics) എന്ന പുതിയ ബയോയോടെ അദ്ദേഹം എക്‌സ് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്തു.
ആറ് വർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ, ഉടൻ പുതിയ രാഷ്ട്രീയ മുന്നേറ്റം ആരംഭിക്കുമെന്ന് അണ്ണാമലൈ വ്യക്തമാക്കി. ഡൽഹിയിൽ അമിത് ഷാ ഉൾപ്പെടെയുള്ള കേന്ദ്ര നേതാക്കളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് പാർട്ടി വിടാനുള്ള തീരുമാനം സ്ഥിരീകരിച്ചത്. പാർട്ടിക്കുള്ളിൽ ഉയർത്തിയ ആശങ്കകൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും, അദ്ദേഹം തീരുമാനം മാറ്റിയില്ല.
പുതിയ രാഷ്ട്രീയ പദ്ധതികളും ജനകേന്ദ്രിതമായ മുന്നേറ്റവും ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം സൂചന നൽകിയിട്ടുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ മത്സരിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു.




