ന്യൂഡൽഹി: ലണ്ടനിൽ നടന്ന ഒരു അക്കാദമിക് പരിപാടിക്കിടെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത വേദിയിൽ നാടകീയ രംഗങ്ങൾ. ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസും അന്താരാഷ്ട്ര നിയമവും’ എന്ന വിഷയത്തിൽ ബെർക്ക്ബെക്ക് കോളേജിൽ നടത്തിയ പ്രഭാഷണത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലാണ് വിവാദം ഉടലെടുത്തത്.
സദസ്സിലുണ്ടായിരുന്ന ചിലർ ഇന്ത്യയിലെ ജനാധിപത്യ സാഹചര്യം, കൂടാതെ ചീഫ് ജസ്റ്റിസ് മുമ്പ് നടത്തിയ വിവാദപരമായ ‘പാറ്റ’ പരാമർശം എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. ഇതിൽ ഒരു വിദ്യാർത്ഥിനി നേരിട്ട് പാറ്റ പരാമർശത്തെക്കുറിച്ച് ചോദിച്ചതോടെയാണ് സാഹചര്യം സംഘർഷഭരിതമായത്.
എന്നാൽ ചർച്ചയുടെ വിഷയം ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ടതാണെന്നും ഇത്തരം ചോദ്യങ്ങൾ പ്രസക്തമല്ലെന്നും വ്യക്തമാക്കി പരിപാടിയുടെ മോഡറേറ്റർ ചോദ്യങ്ങൾ തടഞ്ഞു. ഇതോടെ സദസ്സിലെ ചിലർ പ്രതിഷേധം ഉയർത്തുകയും ബഹളം വയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
സംഭവത്തെ തുടർന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിഷേധവുമായി രംഗത്തെത്തി. അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും അവ മാന്യവും ശിഷ്ടവുമായ രീതിയിൽ പ്രകടിപ്പിക്കേണ്ടതാണെന്നും വേദിയിൽ ഉണ്ടായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും ഹൈക്കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
സുപ്രീം കോടതിയിലെ ഒരു കേസിന്റെ വാദത്തിനിടെ തൊഴിലില്ലാത്ത യുവാക്കൾ സാമൂഹ്യമാധ്യമ പ്രവർത്തനങ്ങളിലേക്കും ആർടിഐ ആക്ടിവിസത്തിലേക്കും തിരിയുന്നതിനെ വിമർശിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് വിവാദത്തിന് വഴിവെച്ചത്. ചിലർ സമൂഹത്തിൽ ‘പാറ്റകളെപ്പോലെ പരാദജീവികളായി’ മാറുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തുടർന്ന് ഈ പരാമർശത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നീട് ‘കോക്രോച്ച് ജനത പാർട്ടി’ എന്ന പേരിൽ ഒരു കൂട്ടായ്മ രൂപപ്പെടുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെടുകയും ചെയ്തു.
എന്നാൽ, വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് സ്ഥാപനങ്ങളെ ആക്രമിക്കുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്നും തൊഴിലില്ലാത്ത യുവാക്കളെയല്ലെന്നും പിന്നീട് ചീഫ് ജസ്റ്റിസ് വിശദീകരണം നൽകിയിരുന്നു.






