ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകൾ സുരക്ഷിതമായി പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കാൻ ഇത്തവണ ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). കഴിഞ്ഞ വർഷം ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കാൻ തീരുമാനം.
പരീക്ഷാ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ശനിയാഴ്ച തെലങ്കാനയിൽ ചേർന്ന യോഗത്തിൽ എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിങ് ആണ് ഇക്കാര്യം അറിയിച്ചത്. നീറ്റ് പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമായാണ് ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിനായി വ്യോമസേനയുടെ സേവനം ഉപയോഗിക്കുന്നത്.
പരീക്ഷയുടെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാൻ ഇതുവരെ കാണാത്തവിധം കർശന സുരക്ഷാ പ്രോട്ടോക്കോളുകളാണ് ഇത്തവണ നടപ്പാക്കുന്നതെന്ന് എൻടിഎ വ്യക്തമാക്കി. രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിനുള്ള സുപ്രധാന നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്.
യോഗത്തിൽ അധ്യക്ഷത വഹിച്ച തെലങ്കാന ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ജില്ലാ ഭരണകൂടങ്ങളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് നിർദേശിച്ചു. പരീക്ഷാ ദിവസം വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുകളില്ലാത്ത സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പരീക്ഷയെ സംബന്ധിച്ചുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചോദ്യപേപ്പർ ചോർന്നെന്ന തരത്തിലുള്ള പ്രചാരണങ്ങൾ എൻടിഎ തള്ളിക്കളഞ്ഞു. സാമൂഹിക മാധ്യമങ്ങൾ നിരന്തരം നിരീക്ഷിക്കാനും പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങൾ ഉടൻ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.






