ചെന്നൈ: തമിഴ് സിനിമാ രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രി വിജയ് രാജിവച്ച ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ലോറൻസ് ജനവിധി തേടാനിടയുള്ളതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഈ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നതിനിടെ രാഘവ ലോറൻസ് സമൂഹമാധ്യമമായ എക്‌സിലൂടെ പ്രതികരിച്ചു.
നിലവിൽ ‘ബെൻസ്’ സിനിമയുടെ ചിത്രീകരണ തിരക്കിലാണെന്നും, ജൂൺ 11ന് രാവിലെ 9.30ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ തന്റെ ജീവിതത്തിലെ ഒരു പ്രധാന തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നേരിട്ട് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടിയുമായി മത്സരിച്ച വിജയ്, ട്രിച്ചി ഈസ്റ്റിലും പെരമ്പൂരിലും വിജയിച്ചിരുന്നു. പിന്നീട് നിയമപരമായ കാരണങ്ങളാൽ പെരമ്പൂർ മണ്ഡലം നിലനിർത്തി ട്രിച്ചി ഈസ്റ്റ് സീറ്റ് രാജിവെക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ട്രിച്ചി ഈസ്റ്റിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തമിഴ് സിനിമയിലെ പ്രമുഖ കൊറിയോഗ്രാഫർ, നടൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധ നേടിയ രാഘവ ലോറൻസ്, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ജനപ്രീതി നേടിയ വ്യക്തിയാണ്. ‘കാഞ്ചന’ സിനിമ പരമ്പരയിലൂടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ നേടിയത്. ജൂൺ 11ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ ലോറൻസ് എന്ത് പ്രഖ്യാപനം നടത്തുമെന്ന ആകാംക്ഷയിലാണ് ആരാധകരും രാഷ്ട്രീയ നിരീക്ഷകരും.






