തിരുവനന്തപുരം: അന്തിയുറങ്ങാൻ സുരക്ഷിതമായ ഒരു വീടിനായി മുഖ്യമന്ത്രിയോട് സഹായം അഭ്യർഥിച്ച് ആറുവയസ്സുകാരിയുടെ ഹൃദയസ്പർശിയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വിഴിഞ്ഞം എൽ.പി. സ്കൂളിലെ വിദ്യാർത്ഥിനിയായ റുവാനിയയാണ് കുടുംബത്തിന് ഒരു പുതിയ വീട് നിർമ്മിച്ചു നൽകണമെന്ന അഭ്യർഥനയുമായി രംഗത്തെത്തിയത്.
തങ്ങൾ ഇപ്പോൾ താമസിക്കുന്നത് പഴക്കമേറിയതും സുരക്ഷിതമല്ലാത്തതുമായ വീടിലാണെന്നും മഴ പെയ്യുന്ന രാത്രികളിൽ പേടി കാരണം ഉറങ്ങാൻ കഴിയാറില്ലെന്നും റുവാനിയ വീഡിയോയിൽ പറയുന്നു. “മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചു തരണം. ഞാൻ പഠിച്ച് വലുതാകുമ്പോൾ അതിന്റെ പണം തിരികെ തരാം,” എന്നാണ് കുട്ടിയുടെ വാക്കുകൾ.
ഓട്ടോ ഡ്രൈവറായ പിതാവ് റീഗലിന്റെയും കുടുംബത്തിന്റെയും ജീവിതം സാമ്പത്തിക ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. അധ്യാപകരുടെ സഹായത്തോടെ ലഭിച്ച രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് മേഞ്ഞ ചെറിയ മുറിയിലാണ് മാതാപിതാക്കളും രണ്ട് മക്കളും കഴിയുന്നത്. വീട്ടിൽ സുരക്ഷിതമായ വാതിലുകളോ മതിയായ ശുചിമുറി സൗകര്യമോ ഇല്ലെന്ന് കുടുംബം പറയുന്നു.
മഴക്കാലത്ത് വീട് മുഴുവൻ ചോർന്നൊലിക്കുകയും ഇഴജന്തുക്കളുടെയും മറ്റ് ജീവികളുടെയും ശല്യം നേരിടേണ്ടിവരികയും ചെയ്യുന്നുവെന്നാണ് റുവാനിയയുടെ അമ്മയുടെ പരാതി. സുരക്ഷിതമായ ഒരു വീട്ടിൽ സമാധാനത്തോടെ കഴിയുക എന്നതാണ് കുടുംബത്തിന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും അവർ പറയുന്നു.
വീടിനായി നിരവധി തവണ ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ നൽകിയിട്ടും ഇതുവരെ അനുകൂല നടപടി ലഭിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിനിടെ, മുഖ്യമന്ത്രിയോട് സഹായം അഭ്യർഥിച്ച് റുവാനിയ പങ്കുവെച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കുടുംബത്തിന്റെ ദുരിതാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.






