ജയ്പുർ: റോഡ് വികസന പദ്ധതിയുടെ ഭാഗമായി ജയ്പുർ നഗരത്തിൽ അഞ്ച് ആരാധനാലയങ്ങൾ അധികൃതർ ഒഴിപ്പിച്ചു. ഒരു മുസ്ലിം പള്ളി, ഒരു ക്ഷേത്രം, ഒരു സത്സംഗ ഹാൾ എന്നിവ ഉൾപ്പെടെയുള്ള കെട്ടിടങ്ങളാണ് ജയ്പുർ വികസന അതോറിറ്റി (ജെ.ഡി.എ.) നീക്കം ചെയ്തത്.
റെയിൽവേ പാതയ്ക്ക് സമാന്തരമായി പോകുന്ന 1.5 കിലോമീറ്റർ നീളമുള്ള റോഡിന്റെ വീതി വർധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതേ റോഡിലെ 134 കൈയേറ്റങ്ങൾ നേരത്തെ മേയ് 22-ന് ഒഴിപ്പിച്ചിരുന്നു. ആരാധനാലയങ്ങളുടെ ഭാരവാഹികൾക്ക് കെട്ടിടങ്ങൾ സ്വമേധയാ ഒഴിപ്പിക്കാൻ അധിക സമയം നൽകിയിരുന്നെങ്കിലും സമയപരിധി കഴിഞ്ഞതോടെയാണ് അധികൃതർ നേരിട്ട് നടപടി സ്വീകരിച്ചത്.
ഒഴിപ്പിക്കൽ നടപടിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകളും വർഗീയ സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാൻ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും 24 മണിക്കൂറത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.മൊബൈൽ ഇന്റർനെറ്റ്, സാമൂഹിക മാധ്യമങ്ങൾ, ബൾക്ക് മെസേജിംഗ് സേവനങ്ങൾ എന്നിവയ്ക്കാണ് നിയന്ത്രണം ബാധകമാകുന്നത്. വോയ്സ് കോളുകൾക്ക് നിയന്ത്രണമില്ല.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിൽ 3,000-ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.






