കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതൽ ട്രോളിങ് നിരോധനമാണ്. മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്. പുഴകളിൽ നിന്ന് ഉൾപ്പെടെ അനധികൃതമായി മീൻ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി. പ്രജനനത്തിനായി നദികളിൽ നിന്ന് അരുവികളിലേക്കും പാടങ്ങളിലേക്കും എത്തുന്ന മത്സ്യങ്ങളെ പിടിക്കരുതെന്നാണ് നിർദേശം.
പ്രജനന കാലത്ത് പിടിക്കുന്ന മത്സ്യങ്ങളിൽ ധാരാളം മുട്ട കാണാറുണ്ടെന്നും ഇത് മത്സ്യ സമ്പത്ത് കുറയുന്നതിന് കാരണമാകുമെന്നുമാണ് അധികൃതർ പറയുന്നത്. മതിയായ വളർച്ചയെത്താത്ത ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ട്. ജലാശയങ്ങളിൽ വലകെട്ടിയും അല്ലാതെയും മത്സ്യങ്ങളുടെ സഞ്ചാരം തടയുന്നതുവഴി പ്രജനനത്തിനായി ഉദ്ദേശിച്ചയിടത്ത് എത്താനാകില്ല. ഇതോടെ മത്സ്യ സമ്പത്ത് ഗണ്യമായി കുറയും. 2010ലെ ഇൻലാൻഡ് ഫിഷറീസ് ആക്ട് പ്രകാരം ഇത്തരം മത്സ്യങ്ങളെ പിടികൂടുന്നത് ശിക്ഷാർഹമാണ്. 20 മില്ലിമീറ്ററിൽ താഴെ കണ്ണി അകലമുള്ള വലയുപയോഗിച്ച് മീൻ പിടിക്കരുത്. ലൈസൻസില്ലാതെ മീൻ പിടിക്കരുത്. വിഷം, വൈദ്യുതി, സ്ഫോടക വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
നിയമം ഘംഘിച്ച് മീൻ പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്. പിഴയോ ജയിൽ ശിക്ഷയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാമെന്നും അധികൃതർ വ്യക്തമാക്കി.






