കൊച്ചി: ശബരിമല സ്വര്‍ണക്കൊളള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന എസ്ഐടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം ഹൈക്കോടതി നീക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.
ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ കണ്ഠരർ രാജീവരർക്ക് 41 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഫെബ്രുവരി 18-നാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണസംഘത്തിന് പ്രഥമദൃഷ്ട്യാ ക്രിമിനൽ ഗൂഢാലോചനയിലോ നേരിട്ടുള്ള പങ്കാളിത്തത്തിലോ അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യം.
ഇതിനിടെ, തന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണവും കണ്ഠരർ രാജീവരർ ഉയർത്തിയിരുന്നു. ശബരിമലയിൽ യുവതീ പ്രവേശനത്തെ എതിർത്തതും ക്ഷേത്രം എല്ലാ ദിവസവും തുറക്കണമെന്ന നിർദേശത്തിനെതിരെ നിലപാട് സ്വീകരിച്ചതുമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്ന വ്യക്തിയെന്ന നിലയിൽ താൻ സ്വീകരിച്ച നിലപാടുകൾക്കെതിരായ പ്രതികാരനടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കർശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. കേരളത്തിന് പുറത്തുപോകരുത്, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, മാധ്യമങ്ങളോട് പ്രതികരിക്കരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, കൂടാതെ ആഴ്ചയിൽ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം എന്നീ നിബന്ധനകളാണ് കോടതി നിർദേശിച്ചിരുന്നത്.
ജാമ്യം റദ്ദാക്കണമെന്ന എസ്ഐടിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ, നിലവിലെ ഉപാധികളോടെ കണ്ഠരർ രാജീവരർക്ക് ജാമ്യം തുടരും. കേസിലെ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തിന്റെ അന്തിമഫലത്തെ ആശ്രയിച്ചായിരിക്കും തുടർ നിയമനടപടികളെന്നും കോടതി വ്യക്തമാക്കി.






