തെഹ്‌റാന്‍: ഗള്‍ഫ് ഓഫ് ഒമാനില്‍ ഒരു ടാങ്കറിന് നേരെ യുഎസ് നടത്തിയ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ഡെക്ക് കേഡറ്റ് ആദിത്യ ശര്‍മ, എഞ്ചിന്‍ ഫിറ്റര്‍ ശിവാനന്ദ് ശൗരസ്യ, ചീഫ് എന്‍ജിനീയര്‍ പട്‌നാല സുരേഷ് എന്നിവരാണ് മരണപ്പെട്ടത്. ടാങ്കർ ഒമാന്‍ തുറമുഖമായ സോഹറില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ വടക്ക് കിഴക്കായി അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കുമ്പോളാണ് ആക്രമണം ഉണ്ടാകുന്നത്. മസ്‌കറ്റ്യിലെ ഇന്ത്യന്‍ എംബസിയും ഒമാന്‍ നേവിയും ചേർന്ന് രക്ഷാപ്രവര്‍ത്തനത്തിൽ 21 പേരെ രക്ഷപ്പെടുത്തി.
ഇറാനില്‍ നിന്നും എണ്ണയുമായി വരുന്ന കപ്പലിന്റെ നിർദേശങ്ങൾ അംഗീകരിക്കാതിരുന്നതാണ് യുഎസ് ആക്രമണത്തിന് കാരണമെന്നാണ് യുഎസ് വാദിക്കുന്നത്. പലാവു പതാക വഹിക്കുന്ന MT സെറ്റബെല്ലോ എന്ന കപ്പലിന് നേരായാണ് യുഎസ് ആക്രമണം ഉണ്ടായത്. കപ്പലിലെ ക്രൂ അംഗങ്ങളില്‍ 24 പേരും ഇന്ത്യക്കാരായിരുന്നു.
ടാങ്കറിന്റെ എഞ്ചിന്‍ റൂം ലക്ഷമിട്ടാണ് യുഎസ് ആക്രമണം നടത്തിയത്. ഇതോടെ കപ്പലില്‍ തീപടര്‍ന്നു. അതേസമയം, ഒമാന്‍ ഷിനാസ് തീരത്ത് വീണ്ടും ഒരു കപ്പലിന് നേരെ ആക്രമണം നടന്നതായി ഇന്ത്യൻ എംബസിയുടെ എക്‌സ് കുറിപ്പ് പുറത്തുവന്നിട്ടുണ്ട്. ആക്രമണം അമേരിക്കയാണോ ഇറാനാണോ നടത്തിയതെന്ന വിവരം വ്യക്തമല്ല.






