കാസർകോട്: കൊലക്കേസ് പ്രതിയായ യുവാവ് എലിവിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. കുമ്പള മാവിനക്കട്ടയിലെ ഒരു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഹബീബ് എന്ന അഭിലാഷ് (31) ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കാസർകോട് ചൗക്കി സ്വദേശിയാണ്.
എട്ട് ദിവസം മുമ്പ് ദേശീയപാത സർവീസ് റോഡരികിൽ അവശനിലയിൽ കിടക്കുന്നതായി നാട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് കുമ്പള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അഭിലാഷിനെ കുമ്പള ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നതായി കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം അഭിലാഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അഭിലാഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 2023 ഒക്ടോബറിൽ കുമ്പള ശാന്തിപ്പള്ളം സ്വദേശിയായ സമൂസ റഷീദിനെ തലയ്ക്ക് ചെങ്കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു. കുമ്പള ഐഎച്ച്ആർഡി കോളജിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് സമൂസ റഷീദിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.






