പാലക്കാട്: മൂന്നുവർഷത്തിലേറെയായി കെട്ടിട നികുതി അടയ്ക്കാത്തതിനെ തുടർന്ന് സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ് നൽകി ഷൊർണൂർ നഗരസഭ. കുളപ്പുള്ളി, ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരെയാണ് നഗരസഭ റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചത്.
കുളപ്പുള്ളിയിലെ പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഏകദേശം 75,000 രൂപയും ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് 25,000 രൂപയുമാണ് നികുതിക്കുടിശ്ശികയുള്ളത്. നിരവധി തവണ നോട്ടീസ് നൽകിയിട്ടും കുടിശ്ശിക അടച്ചില്ലെന്നാണ് നഗരസഭയുടെ വിശദീകരണം.
പതിറ്റാണ്ടുകളായി സിപിഎം ഭരിക്കുന്ന ഷൊർണൂർ നഗരസഭ കഴിഞ്ഞ വർഷം സംസ്ഥാനത്തെ മികച്ച നികുതി പിരിവ് നേടിയ തദ്ദേശസ്ഥാപനങ്ങളിലൊന്നായി മാറിയിരുന്നു. എന്നാൽ, നൂറുശതമാനം നികുതി പിരിവ് എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ പാർട്ടി ഓഫീസുകളുടെ കുടിശ്ശികയും തടസ്സമായതായി വിലയിരുത്തപ്പെടുന്നു.
അതേസമയം, പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നഗരസഭയ്ക്ക് നൽകാനുള്ള മുഴുവൻ നികുതി കുടിശ്ശികയും തീർക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. നിലവിൽ ജപ്തി നടപടികളുമായി നഗരസഭ മുന്നോട്ടുപോകുകയാണ്.






