ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ സൂചന നൽകി ബെൽജിയം ദേശീയ ടീമിന്റെയും റയൽ മാഡ്രിഡിന്റെയും ഗോൾകീപ്പർ തിബൗട്ട് കോര്‍ട്ടോയിസ്. യുഎസിലെ സീറ്റിലിൽ ഈജിപ്തിനെതിരെ നടക്കുന്ന ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായാണ് താരം തന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ചത്.
“ഈ ടൂർണമെന്റിന് ശേഷം ദേശീയ ടീമിൽ തുടരാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. ക്ലബ് തലത്തിൽ കുറച്ച് വർഷങ്ങൾ കൂടി കളിക്കണമെന്നുണ്ട്. അതിനായി ശരീരത്തെ കൂടുതൽ സംരക്ഷിക്കേണ്ടതുണ്ട്,” കോര്‍ട്ടോയിസ് പറഞ്ഞു. ഇതെന്റെ അവസാനത്തെ ലോകകപ്പ് ആയേക്കാം എന്നതിനാലാണ് എന്റെ കുടുംബവും ഇപ്പോള്‍ എന്നോടൊപ്പം ഇവിടേക്ക് വന്നിരിക്കുന്നത്.” അദ്ദേഹം പറഞ്ഞു.
എങ്കിലും ബെൽജിയം ടീമിന്റെ പ്രകടനവും അന്തരീക്ഷവും അനുകൂലമായാൽ തീരുമാനം മാറാനുള്ള സാധ്യതയും താരം തള്ളിക്കളയുന്നില്ല. ടൂർണമെന്റിന് ശേഷം കോച്ചുമായും ടെക്നിക്കൽ സ്റ്റാഫുമായും ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2011-ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച കോര്‍ട്ടോയിസ്, നൂറിലധികം മത്സരങ്ങളിൽ ബെൽജിയത്തിനായി കളിച്ചിട്ടുണ്ട്. കെവിൻ ഡി ബ്രൂയ്നെ അടക്കമുള്ള താരങ്ങളുള്ള ബെൽജിയത്തിന്റെ ‘ഗോൾഡൻ ജനറേഷൻ’ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം. ഈജിപ്ത്, ഇറാൻ, ന്യൂസിലൻഡ് എന്നിവ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ബെൽജിയം മത്സരിക്കുന്നത്.






