മുംബൈ: ബാങ്കോക്കിൽ നിന്ന് കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാനത്താവളത്തിൽ പിടിയിലായി. 2025-ലെ മിസ്സിസ് കേരള മത്സരത്തിലെ മത്സരാർഥിയായിരുന്ന ഹർഷ സണ്ണി (28)യിൽ നിന്നാണ് 11.82 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടിച്ചെടുത്തത്.
ജൂൺ 10-ന് രാത്രി ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹർഷയെ പതിവ് പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എയർ ഇന്റലിജൻസ് യൂണിറ്റും കസ്റ്റംസ് ഉദ്യോഗസ്ഥരും വിശദമായ പരിശോധന നടത്തുകയായിരുന്നു.
ട്രോളി ബാഗിൽ നടത്തിയ പരിശോധനയിൽ വാക്വം സീൽ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തി. തുടർന്ന് നടത്തിയ രാസപരിശോധനയിലാണ് ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്. 11 കിലോയിലധികം തൂക്കമുള്ള ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 11.82 കോടി രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം ഹർഷ സണ്ണിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പിന്നീട് മുംബൈയിലെ ഫോർട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.






